
ജപ്പാനിൽ ഐഫോൺ 16 പ്രോ നഷ്ടപ്പെട്ട ഇന്ത്യൻ യുവതിക്ക് മണിക്കൂറുകൾക്ക് ശേഷം ഫോൺ തിരികെ ലഭിച്ചത് അതേ സ്ഥലത്ത് നിന്ന്. ജപ്പാനിൽ താമസിക്കുന്ന പ്രഗതിയാണ് തന്റെ ഫോൺ നഷ്ടപ്പെട്ടതും പിന്നീട് കണ്ടെത്തിയതുമായ അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പൊതുസ്ഥലങ്ങളിൽ ഫോൺ വച്ച് മറന്നുപോകുന്നത് പതിവാണെന്നും ഇത്തവണയും ഫോൺ നഷ്ടപ്പെട്ട കാര്യം ശ്രദ്ധയിൽപ്പെട്ടത് മണിക്കൂറുകൾക്ക് ശേഷമാണെന്നും പ്രഗതി പറഞ്ഞു.
മറ്റൊരു ഉപകരണം ഉപയോഗിച്ച് ആപ്പിളിന്റെ ‘ഫൈൻഡ് മൈ’ ഫീച്ചർ പരിശോധിച്ചപ്പോഴാണ് ഫോൺ ഏകദേശം 600 മീറ്റർ അകലെയുണ്ടെന്ന് മനസിലായത്. അപ്പോഴേക്കും സമയം അർധരാത്രിയോട് അടുത്തിരുന്നു. തുടർന്ന് ഫോൺ കണ്ടെത്താനായി പ്രഗതി ലൊക്കേഷൻ കാണിച്ച സ്ഥലത്തേക്ക് പുറപ്പെട്ടു. മുമ്പും ‘ഫൈൻഡ് മൈ’ ഫീച്ചറിന്റെ സഹായത്തോടെ പലതവണ ഫോൺ കണ്ടെത്തിയിട്ടുണ്ടെന്നും ആപ്പിൾ വാച്ചുമായി കണക്ട് ചെയ്തിരുന്ന സമയത്തും ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു.
ലൊക്കേഷനിലേക്ക് അടുക്കുമ്പോൾ ഫോൺ ഏകദേശം 100 മീറ്റർ അകലെയാണെന്ന് ട്രാക്കിങ് കാണിച്ചു. ആരും ഫോൺ എടുത്തുകൊണ്ടുപോയിട്ടില്ലെന്ന പ്രതീക്ഷയിലായിരുന്നു പ്രഗതി. മുമ്പ് ഒരു തവണ പൊലീസ് സ്റ്റേഷനിൽ നിന്നും, മറ്റൊരു തവണ പച്ചക്കറി മാർക്കറ്റിൽ നിന്നും, രണ്ട് തവണ ട്രയൽ റൂമുകളിൽ നിന്നുമാണ് ഫോൺ കണ്ടെത്തിയതെന്നും അവർ ഓർത്തെടുത്തു. ഇത്തവണയും ഫോൺ അതേപടി അവിടെ തന്നെ കിടക്കുന്നുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് അവർ മുന്നോട്ട് പോയത്.
ഒടുവിൽ ട്രാക്കിങ് കാണിച്ച സ്ഥലത്തെത്തിയപ്പോൾ, താൻ വച്ച് മറന്ന അതേ സ്ഥലത്ത് ഐഫോൺ 16 പ്രോ കിടക്കുന്നതാണ് പ്രഗതി കണ്ടത്. മണിക്കൂറുകളോളം ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഫോൺ അവിടെ തന്നെ ഉണ്ടായിരുന്നു. ജപ്പാനിൽ ഇത് അഞ്ചാം തവണയാണ് ഫോൺ നഷ്ടപ്പെടുന്നതെന്നും ഓരോ തവണയും തിരികെ കണ്ടെത്താൻ കഴിഞ്ഞെന്നും പ്രഗതി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് അനുഭവത്തിൽ അത്ഭുതം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.







Comments