
അമ്മയുടെ മരണത്തിന് പിന്നാലെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറി. പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കാനുള്ള സമയം പിന്നത്തേക്ക് മാറ്റിവയ്ക്കരുതെന്ന് തിരിച്ചറിഞ്ഞ മകൻ ജോലി ഉപേക്ഷിച്ച് 80കാരനായ അച്ഛനൊപ്പം യാത്ര തുടങ്ങുകയായിരുന്നു. ശശികാന്ത് പാണ്ഡെയാണ് അച്ഛന്റെ ഏറെക്കാലമായുള്ള യാത്രാ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി കരിയർ ഉപേക്ഷിച്ച് ഒപ്പം കൂടിയത്. അമ്മയെ ക്യാൻസർ ബാധിച്ച് നഷ്ടപ്പെട്ടതിന് ശേഷമാണ് ജീവിതം എത്ര ചെറുതാണെന്ന് മനസിലായതെന്നും ശശികാന്ത് പറയുന്നു.
ഇതിനിടെ അച്ഛന്റെ ജീവിതത്തിലെ ഏറെ പ്രത്യേകമായ ഒരു നിമിഷവും ശശികാന്ത് ക്യാമറയിൽ പകർത്തി. 80-ാം വയസിലാണ് അച്ഛൻ ആദ്യമായി വിമാനത്തിൽ കയറുന്നത്. വിമാനത്തിൽ കയറുന്നതിന് മുമ്പുള്ള അച്ഛന്റെ ആകാംക്ഷയും വിമാനം നേരിൽ കണ്ടപ്പോഴുള്ള സന്തോഷവും വീഡിയോയിൽ വ്യക്തമാണ്. ഏറെക്കാലമായി മനസിൽ സൂക്ഷിച്ചിരുന്ന ഒരു സ്വപ്നം ഒടുവിൽ യാഥാർഥ്യമാകുകയായിരുന്നു.
വിമാനത്തിനുള്ളിലെത്തിയ ശേഷവും അച്ഛന്റെ സന്തോഷത്തിന് കുറവുണ്ടായില്ല. ജനാലയ്ക്കരികിലെ സീറ്റിലിരുന്ന് പുറത്തുള്ള കാഴ്ചകൾ ആസ്വദിക്കുന്ന അച്ഛനെയും ശശികാന്ത് വീഡിയോയിൽ പകർത്തി. “80 വർഷമെടുത്ത് യാഥാർഥ്യമായ ഒരു സ്വപ്നം” എന്നായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ട് ശശികാന്ത് കുറിച്ചത്. അച്ഛന് എന്നും കാണണമെന്നുണ്ടായിരുന്ന സ്ഥലങ്ങളിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകുകയാണ് ഇപ്പോൾ ശശികാന്തിന്റെ ലക്ഷ്യം.
അച്ഛനും മകനും തമ്മിലുള്ള ഈ യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേരുടെ ശ്രദ്ധ നേടി. മാതാപിതാക്കളെ ആദ്യമായി വിമാനത്തിൽ കയറ്റണമെന്നത് തങ്ങളുടെയും സ്വപ്നമാണെന്ന് ചിലർ കുറിച്ചപ്പോൾ, ഇത്തരമൊരു മകനെ ലഭിച്ചത് ഭാഗ്യമാണെന്ന് മറ്റുചിലർ പ്രതികരിച്ചു. അച്ഛന്റെ മുഖത്തെ സന്തോഷവും ഇരുവരും പങ്കിടുന്ന സ്നേഹവും നിറഞ്ഞ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.







Comments