
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും ദുരിതബാധിതരോട് യുഡിഎഫ് സർക്കാർ നിസ്സംഗതയും മനുഷ്യത്വരഹിതമായ സമീപനവുമാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തമുഖത്ത് വാഗ്ദാനങ്ങൾ മാത്രം നൽകി ജനങ്ങളെ കബളിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അർഹരായ മുഴുവൻ പ്രളയബാധിതർക്കും പ്രഖ്യാപിച്ച ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്രതീക്ഷിത മഴ, മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ എന്നിവയിൽ ഒൻപത് പേർക്ക് ജീവൻ നഷ്ടപ്പെട്ടത് അങ്ങേയറ്റം വേദനാജനകമാണെന്ന് പിണറായി വിജയൻ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ദുരന്തസമയത്ത് ജനങ്ങൾക്ക് താങ്ങാകേണ്ട ഭരണകൂടം അവരെ കൈയൊഴിയുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആഗസ്റ്റ് ആദ്യവാരത്തിലെ പ്രളയം കഴിഞ്ഞ് ഇത്രയും കാലമായിട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിതർക്കായി പ്രഖ്യാപിച്ച അടിയന്തര ധനസഹായം പോലും വിതരണം ചെയ്തിട്ടില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
പ്രളയദുരിതാശ്വാസമായി കുടുംബങ്ങൾക്ക് 10,000 രൂപ അടിയന്തര സഹായം നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ആലപ്പുഴയിൽ 40,000ത്തിലധികം പേർ അപേക്ഷിച്ചിട്ടും 83 പേർക്ക് മാത്രമാണ് പകുതി തുകയായ 5,000 രൂപ വിതരണം ചെയ്തത്. കോട്ടയത്ത് ദുരിതബാധിതരുടെ വിവരശേഖരണം പോലും പൂർത്തിയായിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. അടിയന്തര സഹായം നൽകുന്നതിൽ ഇത്രയും കാലതാമസം വരുത്തുന്നത് ജനങ്ങളോടുള്ള കടുത്ത അവഗണനയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.







Comments