
ബോളിവുഡ് അഭിനേത്രികള്ക്കിടയില് ആത്മാര്ത്ഥ സൗഹൃദങ്ങളുണ്ടാകുന്നത് വളരെ അപൂര്വ്വമാണ്. പലപ്പോഴും ഇവര് തമ്മിലുള്ള വാക്പോരുകള് നേരിട്ടോ അല്ലാതെയോ പ്രേക്ഷകര്ക്ക് മുന്നിലെത്താറുമുണ്ട്. അങ്ങനെ ഒരു കാലത്ത് ബോളിവുഡില് മത്സരിച്ച് നിന്നിരുന്ന അഭിനേത്രികളാണ് പ്രിയങ്ക ചോപ്ര ജൊനാസും കരീന കപൂര് ഖാനും. കരൺ ജോഹറിന്റെ ‘കോഫി വിത്ത് കരൺ’ ഷോയിൽ ഇരുവരും പരസ്യമായി പലതവണ കൊച്ചുവർത്താനങ്ങളിലൂടെയും മറ്റും പരസ്പരം വിമർശനങ്ങൾ ഉന്നയിച്ചതിലൂടെയാണ് ഇവരുടെ വഴക്കുകള് പ്രേക്ഷകര് അറിഞ്ഞു തുടങ്ങിയത്. എന്നാല് പിന്നീട് വര്ഷങ്ങള്ക്കിപ്പുറം ഇരുവരും ഒന്നിച്ച് ഒരേ കൗച്ചിൽ പ്രത്യക്ഷപ്പെടുകയും പഴയ പ്രശ്നങ്ങളെല്ലാം ചിരിച്ചു തള്ളുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ കരീനയുടെ 46-ാം ജന്മദിനത്തില് ഹൃദയത്തില് ചാലിച്ച ജന്മദിനാശംസകള് പങ്കിടുകയാണ് പ്രിയങ്ക ചോപ്ര. വർണ്ണാഭമായ ലെഹരിയ സാരി ധരിച്ച കരീനയുടെ മനോഹരമായ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് പ്രിയങ്ക ജന്മദിനാശംസകൾ നേർന്നത്.
‘‘ജന്മദിനാശംസകൾ, താങ്കളെപ്പോലെ ആരും ഒരിക്കലും ഉണ്ടാകില്ല...’’ എന്ന കുറിപ്പിനൊപ്പമാണ് പ്രിയങ്കയുടെ ഇന്സ്റ്റഗ്രാം സ്റ്റോറി. താരങ്ങളുടെ സൗഹൃദത്തിന് മറ്റൊരു തലം സൃഷ്ടിക്കുകയാണ് പ്രിയങ്കയുടെ ജന്മദിനാശംസ. ഒരുകാലത്ത് ബോളിവുഡിലെ എതിരാളികളായി ചിത്രീകരിക്കപ്പെട്ടിരുന്ന ഇവര് തങ്ങൾക്കിടയിൽ യാതൊരുവിധ ശത്രുതയുമില്ലെന്ന് വീണ്ടും തെളിയിക്കുകയാണ്. താരങ്ങള് തമ്മിലുള്ള സൗഹൃദം ഇപ്പോൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയായിട്ടുണ്ട്.
കരീനയുടെ ഏറ്റവും പുതിയ ചിത്രമായ ‘ദായ്റ’യുടെ പ്രൊമോഷനില് താരം പങ്കെടുത്തത് വർണ്ണാഭമായ മഴവില്ലിന്റെ നിറഭേദങ്ങളുള്ള ലെഹെരിയ സാരിയിലായിരുന്നു. കരീനയുടെ ഈ സാരിലുക്ക് പ്രേക്ഷകര് ഏറ്റെടുത്തതാണ്. 2001-ൽ പുറത്തിറങ്ങിയ ‘സുബൈദ’ എന്ന ചിത്രത്തില് കരീനയുടെ സഹോദരി കരിഷ്മ കപൂർ ധരിച്ചതും സമാനമായ ലെഹെരിയ സാരിയാണ്. കരിഷ്മയുടെയും തന്റെയും ലുക്കിനെ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു കൊളാഷും കരീന ആരാധകരുമായി അന്ന് പങ്കുവെച്ചിരുന്നു.
അബ്ബാസ്-മുസ്താൻ കൂട്ടുകെട്ടിലൊരുങ്ങിയ ‘ഐത്രാസ്’ എന്ന ത്രില്ലർ ചിത്രത്തില് നിന്നാണ് ഇവര്ക്കിടയിലുള്ള പ്രശ്നങ്ങള് തുടങ്ങിയത്. അക്ഷയ് കുമാറിനൊപ്പം കരീന കപൂറും പ്രിയങ്ക ചോപ്രയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. സിനിമയിൽ പ്രിയങ്ക ചോപ്ര ചെയ്ത വില്ലൻ വേഷത്തിനായി ആദ്യം സമീപിച്ചത് കരീനയെ ആയിരുന്നു. എന്നാൽ കരീന ആ വേഷം നിരസിക്കുകയും പ്രിയങ്ക ആ കഥാപാത്രത്തിലൂടെ വലിയ പ്രശംസ നേടുകയും ചെയ്തു. അന്നുമുതലാണ് ഇവര്ക്കിടയില് ‘ക്യാറ്റ് ഫൈറ്റ്’ തുടങ്ങിയത്.
പ്രശസ്തമായ ‘കോഫി വിത്ത് കരൺ’ ഷോയുടെ ആദ്യകാല സീസണുകളിൽ ഇരുവരും പരസ്പരം നടത്തിയ ചില പരാമർശങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതാണ്. ‘കോഫി വിത്ത് കരൺ' എന്ന ഷോയുടെ ആദ്യകാല എപ്പിസോഡുകളിലൊന്നിൽ, പ്രിയങ്കയുടെ സംസാരശൈലിയെ പരിഹസിച്ചുകൊണ്ട് കരീന ചോദിച്ചത്, ‘അവര്ക്ക് എവിടെനിന്നാണ് ആ ശൈലി കിട്ടിയത്?’ എന്നാണ്.
പിന്നീട് മറ്റൊരു എപ്പിസോഡിൽ പ്രിയങ്ക അതിന് അതേ നാണയത്തിൽ മറുപടി നൽകി. യുകെയിൽ പഠിച്ച കരീനയുടെ അന്നത്തെ കാമുകൻ സെയ്ഫ് അലി ഖാനെ സൂചിപ്പിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞത്, ‘അവരുടെ കാമുകന് എവിടെനിന്നാണോ അത് കിട്ടിയത്, അവിടെനിന്നുതന്നെ...’ എന്നാണ്. അതോടെയാണ് ഇവര്ക്കിടയിലുള്ള പോരിന്റെ ആഴം ആരാധകര് അറിഞ്ഞത്.
പിന്നീട് താനും പ്രിയങ്കയും തമ്മിൽ യാതൊരുവിധ ശത്രുതയുമില്ലെന്നും അന്ന് ചെറുപ്പമായിരുന്നപ്പോൾ ചില മണ്ടത്തരങ്ങൾ പറഞ്ഞിട്ടുണ്ടെന്നുമൊക്കെ ഒരു അഭിമുഖത്തിൽ കരീന കപൂർ വ്യക്തമാക്കുകയുണ്ടായി. തങ്ങൾ തമ്മിലുള്ളത് വെറും ഗോസിപ്പുകൾ മാത്രമാണെന്നും ഇപ്പോൾ തങ്ങൾ നല്ല സൗഹൃദത്തിലാണെന്നും കരീന അന്ന് പറഞ്ഞിരുന്നു. അതിനു ശേഷം 2019-ൽ ‘കോഫി വിത്ത് കരൺ’ സീസൺ 6-ൽ ഇരുവരും ഒന്നിച്ച് ഒരേ കൗച്ചിൽ പ്രത്യക്ഷപ്പെടുകയും പഴയ പ്രശ്നങ്ങളെല്ലാം ചിരിച്ചു തള്ളുകയും ചെയ്തതും സോഷ്യല് മീഡിയയില് നിറഞ്ഞതാണ്.







Comments