
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായികയായി മാത്രമല്ല, അവതാരകയായും റിമി ടോമി മലയാളികളുടെ മനസിൽ ഇടം നേടിയിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ കണ്ണിലുണ്ണിയായി മാറിയ താരത്തിന് ആരാധകരും ഏറെയാണ്. റിമിയുടെ മ്യൂസിക് ഷോകള്ക്ക് കേരളത്തില് മാത്രമല്ല വിദേശത്തും ആരാധകര് ഏറെയാണ്. തന്റെ ജീവിതം ഓരോ നിമിഷവും ആസ്വദിക്കുന്ന റിമി മറ്റുള്ളവര്ക്കും വലിയൊരു പ്രചോദനമാണ്.
ഇപ്പോഴിതാ തന്റെ 43-ാം ജന്മദിനം സെയ്ഷെൽസിൽ ആഘോഷിക്കുകയാണ് റിമി ടോമി. അവിടെ നിന്നുള്ള മനോഹരമായ ചിത്രങ്ങള് പങ്കിട്ട റിമി, ജീവിതകാലം കഴിഞ്ഞുപോകുന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഓരോ പിറന്നാൾ ദിവസവുമെന്നും ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കണമെന്നും സോഷ്യല് മീഡിയയില് കുറിച്ചു.
‘‘എന്റെ വർഷത്തിലെ ഏറ്റവും പ്രത്യേകതയുള്ള ദിവസങ്ങളിലൊന്നാണ് എപ്പോഴും എന്റെ ജന്മദിനം...
പക്ഷേ ഒരു സത്യം പറയട്ടെ...ഓരോ ബര്ത്ത്ഡേ യും ആഘോഷിക്കുമ്പോഴും, ഈ മനോഹരമായ ജീവിതത്തിൽ നിന്ന് ഒരു ദിവസം കൂടി നമ്മൾ പിന്നിലാക്കി എന്ന സത്യം ഓർമ്മിക്കണം... സങ്കടകരമെങ്കിലും സത്യമാണ്, അതുകൊണ്ട് കിട്ടുന്ന ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കാം, സ്നേഹിക്കാം, ആഘോഷിക്കാം... ടൈം ഉണ്ടേല് ഒരു ഹാപ്പി ബര്ത്ത്ഡേ തന്നേരേ ട്ടോ....
സീഷെൽസിൽ നിന്ന്...പുതിയൊരു രാജ്യം, പ്രത്യേകമായൊരു ദിവസം, മനോഹരമായ ഒരിടം.... ഈ അനുഗ്രഹത്തിന് ദൈവത്തിന് നന്ദി...’’ എന്നാണ് ചിത്രങ്ങളും വീഡിയോയുമടക്കം പങ്കിട്ട് റിമി ടോമി കുറിച്ചിരിക്കുന്നത്. പ്രിയഗായികയ്ക്ക് ആരാധകര് മാത്രമല്ല സഹപ്രവര്ത്തകരും ആശംസാകമന്റുകള് കുറിക്കുന്നുണ്ട്. ശ്വേത മേനോൻ, ജുവൽ മേരി, ലക്ഷ്മി നക്ഷത്ര എന്നിവരടക്കം നിരവധി പേര് ആശംസകള് കുറിച്ചിട്ടുണ്ട്.
ഗാനമേള ട്രൂപ്പുകളിലൂടെ സദസ്സിനു മുന്നിലെത്തി പിന്നീട് അവതാരകയായി മിനിസ്ക്രീന് പ്രേക്ഷകര്ക്ക് മുന്നിലെത്തിയ താരമാണ് റിമി ടോമി. താരത്തിന് കരിയര് ബ്രേക്ക് നല്കിയത് ‘മീശ മാധവനി’ലെ ‘ചിങ്ങമാസം വന്നുചേർന്നാൽ’ എന്ന ഗാനമാണ്. ആ ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് റിമി ടോമി കയറിക്കൂടി. അതോടു കൂടി പിന്നണിഗാനരംഗത്ത് സജീവമായ താരം ഒരുപിടി മികച്ച ഗാനങ്ങൾ ആസ്വാദകർക്കായി നൽകി. റിയാലിറ്റി ഷോ ജഡ്ജായും സ്റ്റേജ് ഷോകളിലുമടക്കം സജീവമാണ് റിമി. സോഷ്യല് മീഡിയയിലൂടെയും റിമി തന്റെ വിശേഷങ്ങള് ആരാധകരുമായി പങ്കിടാറുണ്ട്. ഫിറ്റ്നസിൽ അതീവ ശ്രദ്ധ പുലർത്താറുള്ള റിമി, ജിമ്മിൽ നിന്നുള്ള ചിത്രങ്ങളും ഫിറ്റ്നസ് സംബന്ധമായ കുറിപ്പുകളും സോഷ്യല് മീഡിയയിലൂടെ പങ്കിട്ട് ആരാധകർക്ക് പ്രചോദനമേകാറുണ്ട്.







Comments