
ഇന്നലെയായിരുന്നു ബോളിവുഡ് താരം കരീന കപൂറിന്റെ 46-ാം ജന്മദിനം. ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുൾപ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തിയത്. ഇപ്പോഴിതാ തനിക്ക് ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കരീന.
തനിക്കായി തയ്യാറാക്കിയ പിറന്നാൾ കേക്കിന്റെ ചിത്രവും കുറിപ്പിനൊപ്പം താരം ചേർത്തിട്ടുണ്ട്. നിരവധി മെഴുകുതിരികൾക്ക് മുകളിൽ സ്വർണ്ണ നിറത്തിലുള്ള 46 എന്ന നമ്പര് വെച്ച് അലങ്കരിച്ച ഒരു ചോക്ലേറ്റ് കേക്കിന്റെ ചിത്രമാണ് കരീന പങ്കുവെച്ചത്. ചുവന്ന റിബൺ കൊണ്ട് കെട്ടിയ കേക്കിൽ 'ഹാപ്പി ബർത്ത് ഡേ അമ്മ' എന്ന സന്ദേശവുമുണ്ടായിരുന്നു.
"എല്ലാവർക്കും നന്ദി. നിങ്ങൾ അയച്ച ഓരോ സന്ദേശത്തിലും ഞാൻ സ്നേഹം അനുഭവിച്ചു. ഞാൻ എന്നെന്നും കൃതജ്ഞതയുള്ളവളാണ്. നിങ്ങളുടെ സ്നേഹവും പോസിറ്റിവിറ്റിയും കൂടെയുള്ളിടത്തോളം കാലം ഞാൻ ഞാനായിത്തന്നെ തുടരും. ഏറ്റവും മികച്ച തീരുമാനങ്ങൾ എടുക്കും. മുന്നോട്ടും മുകളിലേക്കും തന്നെ, എല്ലാവരെയും എപ്പോഴും സ്നേഹിക്കുന്നു" എന്നായിരുന്നു കരീന ഇൻസ്റ്റാഗ്രാം സ്റ്റോറിയായി കുറിച്ചത്.

മുംബൈയിലെ പ്രശസ്തമായ കപൂർ കുടുംബത്തിൽ ജനിച്ച കരീന 2000-ൽ പുറത്തിറങ്ങിയ 'റെഫ്യൂജി' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് 'കഭി ഖുഷി കഭി ഗം', 'ജബ് വീ മെറ്റ്', 'ത്രീ ഇഡിയറ്റ്സ്', 'ഉഡ്ത പഞ്ചാബ്', 'ലാൽ സിംഗ് ഛദ്ദ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുൻനിര നായികയായി താരം മാറി.
അതേസമയം മേഘ്ന ഗുൽസാറിന്റെ സംവിധാനത്തിൽ ഒരുക്കിയ 'ദായ്റ'യാണ് കരീനയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മലയാള താരം പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു. നടൻ സെയ്ഫ് അലി ഖാനാണ് കരീനയുടെ ഭർത്താവ്. തൈമൂർ, ജഹാംഗീർ എന്നിവരാണ് മക്കൾ.







Comments