
23 വർഷം അമേരിക്കയിൽ കഴിഞ്ഞതിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ എൻആർഐയുടെ അനുഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. 15-ാം വയസിലാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ന്യൂയോർക്ക് സിറ്റിയിലെ കോളേജിൽ ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ജോലി ആരംഭിച്ചു. പിന്നീട് സ്വന്തമായി ബിസിനസും ആരംഭിച്ചു.
അമേരിക്കയിൽ കരിയർ കെട്ടിപ്പടുക്കുകയും സ്വന്തമായി വീടും ബിസിനസുമൊക്കെയായി ജീവിതം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തിരുന്നെങ്കിലും പിതാവിന്റെ മരണം അദ്ദേഹത്തിന്റെ തീരുമാനങ്ങളിൽ മാറ്റമുണ്ടാക്കി. പ്രായമായ അമ്മ ഒറ്റയ്ക്കായതോടെ അവരെ സഹായിക്കണമെന്ന ആഗ്രഹം ഇന്ത്യയിലേക്ക് മടങ്ങാനുള്ള പ്രധാന കാരണമായെന്ന് അദ്ദേഹം പറഞ്ഞു. അമ്മ അമേരിക്കയിലേക്ക് താമസം മാറാൻ താൽപര്യപ്പെടാതിരുന്നതും തീരുമാനത്തെ സ്വാധീനിച്ചു.
കോവിഡ് കാലത്ത് ഇന്ത്യയിലെത്തിയപ്പോഴാണ് മുംബൈയിലെ ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റമുണ്ടായത്. അമേരിക്കയേക്കാൾ മുംബൈയിൽ തനിക്ക് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെട്ടുവെന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്. പിന്നീട് അമേരിക്കയിലേക്ക് മടങ്ങിയെങ്കിലും ഫാർമസ്യൂട്ടിക്കൽ ജോലി ഉപേക്ഷിക്കുകയും കമ്പനി വിൽക്കുകയും ചെയ്തു. 2023 ൽ പെൻസിൽവാനിയയിലെ വീടും വിറ്റാണ് അദ്ദേഹം സ്ഥിരമായി മുംബൈയിലേക്ക് തിരിച്ചെത്തിയത്.
ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം കൺസൾട്ടിങ് ജോലികളും ഇന്ത്യൻ കമ്പനികൾക്കായുള്ള സാങ്കേതിക പ്രവർത്തനങ്ങളും നടത്തിയതായി അദ്ദേഹം പറയുന്നു. അമേരിക്കയിലെ പഠനം, ജോലി, ബിസിനസ്, വീടും കുടുംബജീവിതവുമെല്ലാം ഉപേക്ഷിച്ച് 23 വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘അമേരിക്കൻ ഡ്രീം’ സ്വന്തമാക്കിയ ശേഷവും അമ്മയ്ക്കൊപ്പം കഴിയാനായി ഇന്ത്യയിലേക്ക് മടങ്ങിയതും മുംബൈയിൽ കൂടുതൽ സുരക്ഷിതത്വം തോന്നിയെന്ന അദ്ദേഹത്തിന്റെ വാക്കുകളുമാണ് പോസ്റ്റിന് ശ്രദ്ധ നേടിക്കൊടുത്തത്.







Comments