
തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർത്ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സന്തോഷം പ്രകടിപ്പിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സർക്കാരും ദേവസ്വം ബോർഡും തമ്മിൽ യാതൊരു വിയോജിപ്പുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തീർത്ഥാടനം പൂർണ വിജയമാക്കാൻ സർക്കാർ എല്ലാ സഹകരണവും ഉറപ്പുനൽകിയതായും കെ ജയകുമാർ അറിയിച്ചു.
ആശയവിനിമയത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകും. അരവണ വിതരണത്തിലുണ്ടായ ചെറിയ പ്രതിസന്ധിയും പരിഹരിക്കും. വരാനിരിക്കുന്ന തീർത്ഥാടന കാലം സർക്കാരിനും ബോർഡിനും അഭിമാനകരമായ രീതിയിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.
ബോർഡിന്റെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇ-ടെൻഡർ ഉൾപ്പെടെ നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പഴയ രീതികളുടെ ഗുണഭോക്താക്കളായ ചിലരാണ് ബോർഡിനെതിരെ അപപ്രചാരണം നടത്തുന്നതെന്നും പ്രവർത്തനങ്ങൾ ശരിയായ രീതിയിലല്ലെന്ന പ്രചാരണം വസ്തുതാപരമല്ലെന്നും കെ ജയകുമാർ പറഞ്ഞു.
സ്ഥാപിത താൽപര്യക്കാരുടെ ഇടപെടലുകൾ തടയുന്നതിൽ ചിലർക്ക് നിരാശയുണ്ടാകാം. എന്നാൽ ഇതിൽ ബോർഡ് നിരുത്സാഹപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം മന്ത്രിയുമായും ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും കെ ജയകുമാർ അറിയിച്ചു.







Comments