
മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി. ജയചന്ദ്രനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ഗായിക സിത്താര കൃഷ്ണകുമാർ. താൻ ഈണമിട്ട ഒരു ഗാനത്തിന് ജയേട്ടന്റെ ശബ്ദം ചേർക്കാൻ പോയ ദിവസത്തെക്കുറിച്ചാണ് സിതാരയുടെ വികാരാധീനമായ കുറിപ്പ്. ആ ഓർമ്മ പങ്കുവെക്കുമ്പോൾ മനസ്സിൽ നിറയുന്ന സന്തോഷത്തിനൊപ്പം വലിയൊരു ശൂന്യതയും വിങ്ങലുമാണ് അനുഭവപ്പെടുന്നതെന്നും ഗായിക പറയുന്നു.
‘ചില ഓർമ്മകൾ മനസ്സിൽ നിറവിനൊപ്പം ഒരു വിങ്ങലും , ശൂന്യതയും തരും . അങ്ങനെ ഒരു ഓർമയാണ് ഈ കാണുന്നത്. ഞാൻ ഈണമിട്ട ഒരു കുഞ്ഞ് പാട്ടിൽ,ഭാവഗായകന്റെ ശബ്ദം ചേർത്ത് വയ്ക്കാൻ പോയ ഒരുനാൾ.പതിവുപോലെ ഒരു കൊച്ചുകുഞ്ഞിന്റെ പിടിവാശികളും, ഒരു മഹാഗുരുവിന്റെ ആഴവും ഒരുമിച്ച് അനുഭവിക്കാവുന്ന ദിവസങ്ങളിൽ ഒന്ന്, ജയേട്ടൻ എന്ന ആ ഒരു ഇടം. ഇതിലെ ആ അവസാന ചിരി,ജീവനുള്ള കാലം വരെ ഞാൻ ഒരു അനുഗ്രഹം പോലെ ചേർത്ത് വയ്ക്കും’ സിത്താര കുറിച്ചു.
അർബുദ ബാധയെ തുടർന്ന് കഴിഞ്ഞ ജനുവരിയിലായിരുന്നു പി. ജയചന്ദ്രൻ അന്തരിച്ചത്. എൺപതാം വയസ്സിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി പതിനാറായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും, സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.







Comments