
ന്യൂഡൽഹി: മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് അവശ്യ ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കുന്നതിനായി സെപ്റ്റംബർ 27, ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. ഇടപാടുകാർക്ക് പ്രഥമ പരിഗണന നൽകുന്നതിനാലാണിതെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
സെപ്റ്റംബർ 28 മുതൽ 30 വരെ രാജ്യവ്യാപക പണിമുടക്കിന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആഹ്വാനം ചെയ്തതിനെ തുടർന്നാണ് ഈ നടപടി. സെപ്റ്റംബർ 26, 27 തീയതികൾ വാരാന്ത്യ അവധി ദിവസങ്ങളായതിനാൽ, പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ ദീർഘനേരത്തേക്ക് തടസ്സപ്പെടുത്താൻ ഇടയാക്കുമെന്നതിനാലാണിത്. പൊതുജനങ്ങളുടെ യഥാർത്ഥ ബാങ്കിംഗ് ആവശ്യങ്ങൾ ദീർഘകാലത്തേക്ക് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ, എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും 2026 സെപ്റ്റംബർ 27, ഞായറാഴ്ച സാധാരണ പോലെ പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
സെപ്റ്റംബർ 27-ന് ബാങ്ക് ശാഖകൾ, ഓഫീസുകൾ, എടിഎം-ലിങ്ക്ഡ് ശാഖകൾ, കറൻസി ചെസ്റ്റുകൾ എന്നിവ പ്രവർത്തിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അനുമതി നൽകിയിട്ടുണ്ട്.
സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള മൂന്ന് ദിവസത്തെ പണിമുടക്കിനിടയിൽ രാജ്യത്തുടനീളം ബാങ്കിംഗ് പ്രവർത്തനങ്ങൾ തടസ്സപ്പെടാമെന്ന് യുഎഫ്ബിയു അറിയിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിവസങ്ങൾക്ക് ശേഷമാണ് പണിമുടക്ക് വരുന്നതെന്നതിനാൽ, ഉപഭോക്താക്കൾക്ക് അഞ്ച് ദിവസത്തോളം ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടാൻ കാരണമാവുമായിരുന്നു. എന്നാൽ സർക്കാർ ഇടപെട്ടതോടെ ബാങ്കുകൾ സെപ്റ്റംബർ 27, ഞായറാഴ്ച സാധാരണ പോലെ പ്രവർത്തിക്കണം.
അഞ്ച് ദിവസത്തെ ബാങ്കിംഗ് എന്ന പ്രധാന ആവശ്യത്തിൽ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെങ്കിൽ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ബാങ്കിംഗ് ജീവനക്കാരുടെ 90 ശതമാനത്തോളം പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന യുഎഫ്ബിയു നിലപാട് വ്യക്തമാക്കുന്നു.







Comments