
തിരുവനന്തപുരം: നാടക കലാകാരനും സംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 78 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിന്റെ കലാ-സാംസ്കാരിക മേഖലയിൽ ശ്രദ്ധേയമായ കലാകൂട്ടായ്മയായ സൂര്യയുടെ അമരക്കാരനായിരുന്നു.
1951 ഏപ്രിൽ 11ന് കോട്ടയം ജില്ലയിൽ ജനിച്ച സൂര്യ കൃഷ്ണമൂർത്തി തിരുവനന്തപുരം ഗവൺമെന്റ് മോഡൽ സ്കൂളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കലയും നാടകവും ജീവിതത്തിന്റെ പ്രധാന മേഖലയായി മാറുകയായിരുന്നു.
1977ലാണ് സൂര്യ ഫെസ്റ്റിവലിന് തുടക്കമിട്ടത്. തുടർന്ന് സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയിലൂടെ നാടകം, സംഗീതം, നൃത്തം തുടങ്ങി വിവിധ കലാരൂപങ്ങൾക്ക് വലിയ വേദിയൊരുക്കി. വെളിച്ചവും ശബ്ദവും സമന്വയിപ്പിച്ച വേദി അവതരണങ്ങളിലെ പരീക്ഷണങ്ങളും ശ്രദ്ധേയമായി. ‘ചായക്കടക്കഥകൾ’, ‘എന്റെ രക്ഷകൻ’, ‘മേൽവിലാസം’ തുടങ്ങിയവയാണ് പ്രധാന സൃഷ്ടികൾ. ‘മേൽവിലാസം’ പിന്നീട് സിനിമയായും ശ്രദ്ധ നേടി.
കലാരംഗത്തെ സംഭാവനകൾക്ക് 1996ൽ രാഷ്ട്രപതിയുടെ നാഷണൽ അവാർഡ് ഫോർ സ്റ്റേജ് ക്രാഫ്റ്റ് ആൻഡ് ഡയറക്ഷൻ ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും നേടി. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ, കേരള സംഗീത നാടക അക്കാദമി ചെയർമാൻ എന്നീ നിലകളിലും വിവിധ ദേശീയ-സംസ്ഥാന ചലച്ചിത്ര, സാംസ്കാരിക സമിതികളിലും പ്രവർത്തിച്ചു. 2023ൽ കേരള സർക്കാർ നൽകുന്ന കേരള പ്രഭ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.







Comments