
കൊച്ചി: ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് വിൽപനയിലെ ക്രമക്കേടിൽ ദേവസ്വം ബോർഡിന് 17.14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിജിലൻസ് റിപ്പോർട്ട്. ജീവനക്കാരുടെ ഗുരുതരമായ അശ്രദ്ധയാണ് നഷ്ടത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി.
2025 നവംബർ 16 മുതൽ ഡിസംബർ 27 വരെയുള്ള വിൽപനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എന്നാൽ ജീവനക്കാർ വ്യക്തിപരമായി പണം തട്ടിയെടുത്തതിന് തെളിവില്ല. ഒന്നാം പ്രതി ഒഴികെയുള്ളവർക്കെതിരെ തട്ടിപ്പ് തെളിയിക്കാനും സാധിച്ചിട്ടില്ല.
നെയ്യിന്റെ ഉൽപാദനം മുതൽ വിൽപന വരെയുള്ള വിവിധ ഘട്ടങ്ങളിൽ വീഴ്ച സംഭവിച്ചതായാണ് വിജിലൻസ് കണ്ടെത്തൽ. എന്നാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ഇത് പര്യാപ്തമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ ദേവസ്വം ബോർഡിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു.
നെയ്യ് സംഭരണ ടാങ്കുകൾ ശാസ്ത്രീയമായി കാലിബ്രേറ്റ് ചെയ്യണമെന്നും ഡിജിറ്റൽ ഫ്ലോ മീറ്ററും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സംവിധാനവും നിർബന്ധമാക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തു. എല്ലാ കൗണ്ടറുകളിലും ഹൈ-ഡെഫിനിഷൻ സിസിടിവി സ്ഥാപിക്കണമെന്നും വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ റിപ്പോർട്ടിൽ നിർദേശമുണ്ട്. വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു.







Comments