
തിരുവനന്തപുരം: ശബരിമലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കെ മുരളീധരനും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറും കൂടിക്കാഴ്ച നടത്തും. അരവണ പ്രതിസന്ധി പരിഹരിക്കാൻ ബോർഡ് സ്വീകരിച്ച നടപടികൾ ജയകുമാർ മന്ത്രിയെ ധരിപ്പിക്കും. അരവണ പ്ലാന്റിന്റെ നവീകരണം എപ്പോൾ പൂർത്തിയാക്കാനാകുമെന്നതടക്കമുള്ള കാര്യങ്ങളും ചർച്ചയാകും.
ശബരിമലയിലെ നിലവിലെ സാഹചര്യത്തിൽ സർക്കാർ എഡിഎമ്മിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കടുത്ത നിലപാട് സ്വീകരിക്കേണ്ട വിഷയങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് കെ മുരളീധരൻ തൃശൂരിൽ വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇരുവരും തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി ഇന്നലെ കെ മുരളീധരനെയും കെ ജയകുമാറിനെയും പ്രത്യേകം കണ്ടിരുന്നു. ശബരിമലയിലെ പ്രതിസന്ധിക്ക് ബോർഡാണ് ഉത്തരവാദിയെന്ന നിലപാടിലായിരുന്നു ദേവസ്വം മന്ത്രി. മണ്ഡലകാല നടത്തിപ്പിന് ബദൽ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ മന്ത്രിയുടെ നിലപാടിന് മുഖ്യമന്ത്രി പിന്തുണ നൽകിയിരുന്നില്ല. ദേവസ്വം ബോർഡിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി പ്രശ്നങ്ങൾ സമവായത്തിലൂടെ പരിഹരിക്കണമെന്ന നിലപാടിലാണ്. കൂടുതൽ കടുപ്പിക്കേണ്ടതില്ലെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ അനിവാര്യമാണെന്നാണ് കെ മുരളീധരന്റെ നിലപാട്.







Comments