
മലയാളത്തിന്റെ ലേഡി സൂപ്പര്സ്റ്റാര് മഞ്ജുവാര്യര് തന്റെ രണ്ടാമത്തെ വരവിലും തെന്നിന്ത്യന് സിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ്. തമിഴിലടക്കം തിളങ്ങി നില്ക്കുന്ന താരം ബൈക്ക് റൈഡിംഗും യാത്രകളുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ്. എന്നാല് കഴിഞ്ഞ കുറച്ചു നാളുകളായി ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരന് മഞ്ജുവാര്യര്ക്കെതിരെ നിരന്തരം അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും സോഷ്യല് മീഡിയ കുറിപ്പുകളും പങ്കുവയ്ക്കുന്നുണ്ട്. അതിനെതിരെ ഇതുവരെ മഞ്ജുവോ കുടുംബമോ പ്രതികരിച്ചിട്ടില്ല.
പക്ഷേ മഞ്ജു വാര്യർ ഒരു റാക്കറ്റിന്റെ പിടിയിലാണെന്നും ഇവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ സനൽകുമാർ ശശിധരൻ നിരാഹാര സമരം തുടങ്ങിയിരുന്നു. അതോടെ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ എറണാകുളം മുൻസിഫ് കോടതിയില് മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
ഇപ്പോഴിതാ മഞ്ജു വാര്യർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം തുടരുന്ന സംവിധായകൻ സനൽകുമാർ ശശിധരനെ വിമർശിക്കുകയാണ് മുതിര്ന്ന നടി മല്ലിക സുകുമാരൻ. സംഭവത്തിൽ മഞ്ജു എടുത്ത നീക്കത്തെ അഭിനന്ദിച്ച മല്ലിക സുകുമാരന്, മഞ്ജു വാര്യർ മിടുക്കിയാണെന്നും പ്രതികരിക്കാൻ നിൽക്കാതെ മഞ്ജു കേസ് കൊടുത്തെന്നും പറയുന്നു. എങ്ങനെയെങ്കിലുമൊക്കെ ജനമധ്യത്തിലൊരു സംസാര വിഷയമാകാനാണ് ഇതൊക്കെ ചെയ്യുന്നതെന്നും മല്ലിക പറഞ്ഞു.
‘‘മഞ്ജു വാര്യർ പ്രതികരിക്കണം എന്നൊരു സംഭവം കണ്ടു. എന്തോന്ന് പ്രതികരിക്കണം. അന്തസുള്ള പിള്ളേര് മിണ്ടാതിരിക്കുക. ഒരുത്തൻ കിടന്ന് എന്തോ വിചിത്ര സ്വഭാവമുള്ളവനായി പോയി, ഏതാണ്ടൊക്കെ പറയുന്നു, എടുക്കുന്നു. എവിടെയായിരുന്നു ഇയാള് ? . അതൊന്നും അനുവദിച്ചു കൊടുക്കരുത്. അവിടെയൊക്കെയാണ് ഞാൻ ഈ ജുഡീഷ്യറിയെ ബഹുമാനിക്കുന്നത്. വേറൊന്നും കൊണ്ടല്ല. എന്തോ ആകട്ടെ. കല്യാണം കഴിഞ്ഞ് അവരുടെ മകൾ ഒരു ഡോക്ടറായി, എല്ലാമായി. ഇത്രയും കാലമില്ലാത്ത പോലെ വായ കെട്ടിവച്ചിരിക്കുകയാണെന്നൊക്കെ പറഞ്ഞ് ഒരുത്തൻ സെക്രട്ടറിയേറ്റിന് മുന്നിൽ ചെന്ന് നാല് ബൊമ്മയെടുത്ത് വച്ചിരിക്കുകയാണ്. ഞങ്ങൾക്ക് വേണേൽ സ്റ്റാച്യു റോഡ് മൊത്തം വയ്ക്കാനുള്ള അവാർഡുകൾ എന്റെ വീട്ടിലിരിപ്പുണ്ട്.
എങ്ങനെയെങ്കിലുമൊക്കെ ജന മധ്യത്തിലൊരു സംസാര വിഷയമാകാനാണ് ഇതൊക്കെ. ഇവൻ മാന്യനാണെങ്കിൽ ഇങ്ങനെയൊക്കെ കാണിക്കുമോ?. സെക്രട്ടറിയേറ്റ് നടയിലൊക്കെ പോയി ഇരുന്നിട്ട്. എനിക്കറിയാൻ മേലാഞ്ഞിട്ട് ഞാൻ ചോദിക്കുവാ. അങ്ങനെയാണെങ്കിൽ എനിക്ക് ആരെയെങ്കിലുമൊക്കെ കുറിച്ച് എന്തെല്ലാം പറയാം.
സത്യങ്ങളെന്തെല്ലാം നമ്മുടെയൊക്കെ മനസിൽ കിടക്കുന്നു. നമ്മാളാരെങ്കിലും എന്തെങ്കിലും പറയാറുണ്ടോ ?. എന്തിനാ. ഓരോരുത്തർ കുടുംബമായിട്ട് കഴിയുന്നു. നമ്മളെ പറഞ്ഞോട്ടേ. അവരവരുടെ കുടുംബവുമായി സമാധാനമായിട്ട് കഴിയട്ടേ, മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയായിട്ട്. മിണ്ടാതിരിക്കുക. ഒരുപക്ഷേ നമ്മളോട് ദേഷ്യം തോന്നിയാൽ, തോന്നിക്കോട്ടേ.
അതിലൊന്നും നമുക്ക് വിരോധമില്ല. പക്ഷേ, അറിഞ്ഞു കൊണ്ട് ഒരു കുടുംബത്തെ വേദനിപ്പിക്കുക എന്ന് പറയുന്നതൊന്നും ഒരു ദൈവത്തിന്റെ മുൻപിലും മാപ്പ് കിട്ടുന്ന പരിപാടിയല്ല. അപ്പോൾ, അങ്ങനെയുള്ളവർ നിരന്തരം മാനസിക പ്രശ്നങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കും. അതിലൊന്നായിരിക്കും ഇത്. അതിന്റെ ഇടയ്ക്ക് ചില ആർട്ടിസ്റ്റുകൾ, ഇത് പ്രതികരിക്കേണ്ടതാണ്, ഇങ്ങനെ നിശബ്ദയായിട്ട് ഇരിക്കേണ്ടതാണ് എന്നൊക്കെ പറഞ്ഞു വന്നു.
എന്തൊരു വൃത്തിക്കെട്ട കാര്യത്തിനാണ് ഇതൊക്കെ. മിടുക്കി, എനിക്ക് മഞ്ജു വാര്യരെ കണ്ടാൽ ഒന്ന് കെട്ടിപിടിച്ച് അഭിനന്ദിക്കണമെന്നുണ്ട്. മിടുക്കി, അവൾ കേസ് കൊടുത്തു. എനിക്ക് ജൂഡീഷ്യറിയോട് ഒന്നേ പറയാനുള്ളൂ, ഞങ്ങൾക്കെല്ലാം ആശ്രയമെന്ന് പറയുന്നത് ഇവിടുത്തെ നിയമവ്യവസ്ഥിതിയാണ്. അതിനകത്ത് നിന്നുകൊണ്ട് തെറ്റുകാരൻ ആരായാലും ശിക്ഷിക്കപ്പെടണം.
തെറ്റ് ചെയ്തില്ലെങ്കിൽ അരുത്. പക്ഷേ അത് ചുമ്മാ പറയരുത്. അത് സാധാരണക്കാർക്ക് ബോധ്യമാകണം. കൃത്യമായിട്ടുള്ള ശിക്ഷാവിധികൾ നടപ്പിലാക്കിയെങ്കിലേ വരും തലമുറക്കെങ്കിലും ഒരു പേടി വരുകയുള്ളൂ. പേടി വന്നെങ്കിൽ അല്ലേ തെറ്റുകൾ കുറയുകയുള്ളൂ...’’ എന്നാണ് മല്ലിക സുകുമാരന് പറഞ്ഞത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന് തന്റെ നിലപാട് തുറന്നു പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് സനൽകുമാർ ശശിധരനെതിരെ മഞ്ജു വാര്യർ മാനനഷ്ടക്കേസ് നൽകിയത്. നിരന്തരമായി തന്നെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും പരാമർശങ്ങളും അപവാദപ്രചരണവും നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സനൽകുമാർ ശശിധരനെ ഒന്നാം പ്രതിയാക്കിയും മറുനാടൻ മലയാളി ഓൺലെെൻ ചാനലിലെ സാജൻ സ്കറിയയെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. തനിക്കെതിരെയുള്ള സമൂഹമാധ്യമ പോസ്റ്റുകൾ നീക്കണമെന്നതുൾപ്പെടെ മഞ്ജു ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മഞ്ജു ‘ലൈംഗിക ചൂഷണ സംഘത്തിന്റെ’ ഭാഗമാണെന്ന താൻ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പുരസ്കാരജേതാവായ മലയാള ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരൻ സെപ്റ്റംബർ 14 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരുന്നത്. നടിയുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് തനിക്ക് ‘വ്യക്തിപരമായ അറിവുണ്ടെന്നും’ ആരോപണം തെളിയിക്കുന്ന രേഖകളും മറ്റ് തെളിവുകളും ഹാജരാക്കാൻ തയ്യാറാണെന്നും സനൽ കുമാർ അവകാശപ്പെട്ടു. നേരത്തെയും നടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടപെട്ടിട്ടുള്ള സനൽ കുമാർ, നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന് പിന്നിലെ ‘ഗൂഢാലോചന’ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.







Comments