
ആലപ്പുഴ: ജി. സുധാകരൻ ‘ജീർണിച്ച നേതാവാണെന്ന്’ ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തിൽ പിണറായി വിജയൻ പറഞ്ഞതായി റിപ്പോർട്ട്. സുധാകരനെക്കുറിച്ച് കൂടുതൽ സംസാരിച്ച് മാധ്യമങ്ങൾക്ക് അവസരം നൽകേണ്ടതില്ലെന്നും അദ്ദേഹം നിർദേശിച്ചു. സുധാകരനുമായി ബന്ധപ്പെട്ട വിഷയം പൂർണമായും അവസാനിച്ചതാണെന്നും പിണറായി വ്യക്തമാക്കി.
തിരുത്തൽ രേഖ ഉൾപ്പെടുന്ന മാർഗരേഖ പിണറായി വിജയൻ അവതരിപ്പിച്ചു. എം.വി. ഗോവിന്ദനെതിരായ ശാസന കമ്മിറ്റിയിലും ഇത് റിപ്പോർട്ട് ചെയ്തു. ആലപ്പുഴയിലെ പാർട്ടി പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സാമുദായിക സംഘടനകളിൽ നിന്ന് പാർട്ടി അകന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. എസ്.എൻ.ഡി.പി, കെ.പി.എം.എസ് സംഘടനകളുടെ പേരെടുത്താണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇരു സംഘടനകൾക്കും ശക്തമായ സ്വാധീനമുള്ള ജില്ലയായിട്ടും വേണ്ട രീതിയിൽ പരിഗണിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അമ്പലപ്പുഴയിലെ തോൽവി ഗൗരവതരമാണെന്നും ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മിറ്റികളിലെ വിഭാഗീയത പരിഹരിക്കണമെന്നും നിർദേശമുണ്ട്. എസ്.എൻ.ഡി.പി യോഗത്തെ ഒപ്പം നിർത്തണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ വെള്ളാപ്പള്ളി നടേശന്റെ പേര് പരാമർശിച്ചിട്ടില്ല.
സഹകരണ ബാങ്കുകളിലെ മോശം പ്രവണതകൾ ആലപ്പുഴയിലുമുണ്ടെന്നും ഇത് സാധാരണക്കാരെ പാർട്ടിയിൽ നിന്ന് അകറ്റുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലാ സെക്രട്ടറി ആർ. നാസറാണ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചത്. റിപ്പോർട്ടിന്മേലുള്ള ചർച്ച നാളെയും തുടരും.







Comments