
ജീവനക്കാർ കമ്പനിയുടെ ഉടമയെ പോലെ ചിന്തിക്കണമെന്നും കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പറയുന്ന മേലധികാരികളെ നമ്മൾ പലപ്പോഴും കാണാറുണ്ട്. എന്നാൽ അത്തരമൊരു നിർദേശത്തിന് ഒരു ജനറേഷൻ സെഡ് ജീവനക്കാരൻ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘ഉടമയെ പോലെ ചിന്തിക്കണം’ എന്ന സിഇഒയുടെ വാക്കുകൾക്ക്, ‘അങ്ങനെയെങ്കിൽ കമ്പനിയുടെ 50 ശതമാനം ഉടമസ്ഥാവകാശം എനിക്ക് നൽകുമോ?’ എന്നായിരുന്നു യുവാവിന്റെ മറുചോദ്യം.
വൈറലായ കുറിപ്പ് പ്രകാരം, ജീവനക്കാരൻ കൃത്യസമയത്ത് ഓഫീസിലെത്തുകയും ജോലി സമയം അവസാനിച്ചാൽ കൃത്യമായി മടങ്ങുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. രാവിലെ ഒമ്പതിന് ജോലി ആരംഭിക്കുന്നതിനുമുമ്പ് തന്നെ ഓഫീസിലെത്തുന്ന ഇയാൾ വൈകിട്ട് അഞ്ചുമണിക്ക് ജോലി അവസാനിപ്പിച്ച് മടങ്ങും. ജോലി സമയം കഴിഞ്ഞും തുടരണമെന്ന് ആവശ്യപ്പെടുന്നതിനുപകരം, നിശ്ചയിച്ച സമയത്തിനുള്ളിൽ തന്റെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കുന്നതിലായിരുന്നു യുവ ജീവനക്കാരന്റെ ശ്രദ്ധ.
ഇതിനിടെയാണ് കരിയറിൽ മുന്നേറണമെങ്കിൽ ഒരു സാധാരണ ജീവനക്കാരനെ പോലെ മാത്രം ചിന്തിക്കാതെ കമ്പനിയുടെ ഉടമയെ പോലെ ചിന്തിക്കണമെന്ന് സിഇഒ നിർദേശിച്ചത്. കമ്പനിയുടെ വളർച്ചയ്ക്കായി ജോലി വിവരണത്തിൽ പറയുന്നതിന് അപ്പുറവും പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഉടമയെ പോലെ ഉത്തരവാദിത്തം ഏറ്റെടുക്കണമെങ്കിൽ അതിന് അനുസരിച്ചുള്ള ഉടമസ്ഥാവകാശവും ആനുകൂല്യങ്ങളും ലഭിക്കേണ്ടതല്ലേയെന്നായിരുന്നു യുവാവിന്റെ നിലപാട്. അതുകൊണ്ടാണ് കമ്പനിയുടെ 50 ശതമാനം ഓഹരി നൽകുമോയെന്ന ചോദ്യം ഉയർന്നത്.
സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജോലി സമയവും അധിക ഉത്തരവാദിത്തവും ജീവനക്കാരിൽനിന്നുള്ള പ്രതീക്ഷകളും സംബന്ധിച്ച് വലിയ ചർച്ചയാണ് നടക്കുന്നത്. ശമ്പളത്തിന് ജോലി ചെയ്യുന്ന ജീവനക്കാരിൽനിന്ന് ഉടമയുടെതുപോലുള്ള പ്രതിബദ്ധത പ്രതീക്ഷിക്കുന്നത് എത്രത്തോളം ശരിയാണെന്ന ചോദ്യവും പലരും ഉന്നയിച്ചു. സിഇഒയുടെ നിർദേശത്തിന് യുവ ജീവനക്കാരൻ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം.







Comments