
കൈയിൽ ഗ്രില്ലിംഗ് ഉപകരണങ്ങളും സോസേജുകളുമായി ആയിരക്കണക്കിന് ദക്ഷിണാഫ്രിക്കക്കാർ ഒരുമിച്ചെത്തി. ഒരേസമയം ഏറ്റവും കൂടുതൽ പേർ ഗ്രിൽ ചെയ്ത് പാചകം ചെയ്യുന്ന ലോക റെക്കോർഡ് സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം. പ്രിട്ടോറിയയിലെ ലോഫ്റ്റസ് വെർസ്ഫെൽഡ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 24-നാണ് വ്യത്യസ്തമായ റെക്കോർഡ് ശ്രമം നടന്നത്. ഏകദേശം 3000 പേർ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ.
ഒരേസമയം ഗ്രിൽ ചെയ്യുന്നതിൽ നിലവിലെ റെക്കോർഡ് ജപ്പാനിലെ ഇഷിഗാക്കി സിറ്റിയുടെ പേരിലാണ്. 2023-ൽ 2220 പേരാണ് ഒരുമിച്ച് ഗ്രിൽ ചെയ്ത് റെക്കോർഡ് സ്ഥാപിച്ചത്. ഈ റെക്കോർഡ് മറികടക്കാനാണ് ദക്ഷിണാഫ്രിക്കക്കാർ ഇത്തവണ ശ്രമിച്ചത്. ഇതിനായി സ്റ്റേഡിയത്തിൽ ഏകദേശം 500 ഗ്രില്ലിംഗ് കേന്ദ്രങ്ങളും ഒരുക്കിയിരുന്നു. കഴിഞ്ഞ വർഷവും ദക്ഷിണാഫ്രിക്ക റെക്കോർഡ് സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചിരുന്നില്ല.
എന്നാൽ ലോക റെക്കോർഡ് സ്വന്തമാക്കാൻ ഗ്രിൽ കത്തിച്ചാൽ മാത്രം പോരായിരുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ കർശന നിബന്ധനകൾ പ്രകാരം പങ്കെടുക്കുന്ന എല്ലാവരും ഒരേസമയം കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും പാചകം ചെയ്യണം. ഇതിനിടെ ആരെങ്കിലും ഗ്രില്ലിംഗ് കേന്ദ്രം വിട്ടുപോയാൽ ആ വ്യക്തി അയോഗ്യനാകും. സോസേജ്, ബർഗർ, സ്റ്റീക്ക്, ചോപ്സ് തുടങ്ങിയ വിവിധ ഇറച്ചി വിഭവങ്ങളാണ് ഗ്രില്ലിൽ പാകം ചെയ്തത്.
ദക്ഷിണാഫ്രിക്കയിൽ ‘ബ്രായ്’ എന്നറിയപ്പെടുന്ന പുറത്തുള്ള ഗ്രില്ലിംഗ് പാചകരീതി ഏറെ ജനപ്രിയമാണ്. രാജ്യത്തിന്റെ ദേശീയ അവധിയായ ഹെറിറ്റേജ് ഡേയിലാണ് ഇത്തവണ റെക്കോർഡ് ശ്രമം നടന്നത്. കഴിഞ്ഞ വർഷത്തെ ശ്രമത്തിലും പങ്കെടുത്ത അലക്സ് കോറ്റ്സി ഇത്തവണ റെക്കോർഡ് നേടാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ചു. എന്നാൽ എല്ലാവരും നിബന്ധനകൾ പാലിച്ചോ എന്നതടക്കമുള്ള തെളിവുകൾ പരിശോധിച്ച ശേഷമേ പുതിയ ലോക റെക്കോർഡ് നിലവിൽ വന്നോ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂവെന്ന് ഗിന്നസ് അധികൃതർ അറിയിച്ചു.







Comments