
കപൂര് കുടുംബത്തില് നിന്നെത്തി ബോളിവുഡിന്റെ പ്രിയപ്പെട്ട ‘ബെബോ’യായി മാറിയ അഭിനേത്രിയാണ് കരീന കപൂർ ഖാൻ. ഇന്ത്യൻ സിനിമാ ലോകത്ത് 25 വർഷങ്ങൾ പൂർത്തിയാക്കിയ താരത്തിന്റെ പ്രേക്ഷകപ്രിയങ്കരമായ കഥാപാത്രങ്ങള് ഒട്ടനവധിയാണ്. വിവാഹശേഷവും കരിയറും കുടുംബജീവിതവും ബാലന്സ് ചെയ്തു കൊണ്ടു പോകുന്ന കരീന ഇന്നും ബോളിവുഡിന്റെ താരറാണിയാണ്.
താരത്തിന്റെ സിനിമകള് പോലെ തന്നെ വ്യക്തിജീവിതവും വാര്ത്തകളില് ഇടം പിടിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാന്റെ ഭാര്യയാകും മുമ്പ് ബോളിവുഡിന്റെ പ്രിയതാരം ഷാഹിദ് കപൂറിന്റെ കാമുകിയായിരുന്നു കരീന. ഇവരുടെ ഓണ്സ്ക്രീന് കെമിസ്ട്രിയും ഓഫ് സ്ക്രീന് പ്രണയവും കണ്ട് രണ്ടാളും വിവാഹിതരാകും എന്നു തന്നെ പ്രേക്ഷകര് ഉറപ്പിച്ചതാണ്. ഏകദേശം നാലു വര്ഷം പ്രണയിച്ച ഇവര് രണ്ടാളും പിന്നീട് വേര്പിരിഞ്ഞു. കരീന സെയ്ഫിനെയും ഷാഹിദ് മീര രാജ്പുതിനെയും വിവാഹം ചെയ്ത് സന്തുഷ്ടമായി ജീവിക്കുകയാണ്. കരീനയ്ക്കും സെയ്ഫിനും തൈമൂർ, ജഹാംഗീർ എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്. ഷാഹിദിനും മീരയ്ക്കും മിഷ എന്ന മകളും സെയ്ൻ എന്ന മകനുമാണുള്ളത്.
എങ്കിലും കരീനയും ഷാഹിദും തമ്മില് വലിയ സൗഹൃദമൊന്നുമില്ല. വര്ഷങ്ങള്ക്കു ശേഷം ഈയടുത്താണ് ഷാഹിദും കരീനയും തമ്മില് കണ്ട് നിറഞ്ഞ ചിരിയോടെ കുശലാന്വേഷണങ്ങള് നടത്തിയത്. അതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല് മീഡിയയില് വൈറലായി മാറിയിരുന്നു.
എന്നാല് ഇപ്പോഴിതാ തന്റെ ഇന്സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് കരീന കപൂര് ഖാന്. ഷാഹിദ് കപൂറിന്റെ ഭാര്യയായ മീരയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടാണ് കരീന പ്രേക്ഷകരെ അമ്പരപ്പിച്ചത്. കരീനയുടെ റേഡിയോ ഷോയായ ‘വാട്ട് വിമൻ വാണ്ട്’ ന്റെ പുതിയ എപ്പിസോഡില് അതിഥിയായി എത്തുന്നത് മീരയാണ്.
‘‘അതിമനോഹരമായ പെരുമാറ്റവും സ്നേഹനിർഭരമായ സ്വഭാവവുമുള്ള മീര കപൂർ ആണ് ഇന്നത്തെ ഷോയിൽ...’’ എന്ന കുറിപ്പിനൊപ്പമാണ് മീരയുടെ കൂടെയുള്ള ചിത്രം പങ്കിട്ട് ഇന്സ്റ്റഗ്രാം സ്റ്റോറിയില് കരീന കുറിച്ചത്. ക്രീം കോർസെറ്റ് ടോപ്പും ബ്ലാക്ക് ലെതർ സ്കർട്ടും ധരിച്ച് മീരയും, റെഡ് ടോപ്പും ബ്രൗണ് ലെതർ സ്കർട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് രണ്ടാളും ചിത്രങ്ങളില് തിളങ്ങുന്നത്. ഇരുവരെയും ഒരുമിച്ച് കാണാൻ ആരാധകർക്ക് അവസരം ലഭിക്കുന്നത് ഇതാദ്യമായതിനാൽ ഈ കൂടിക്കാഴ്ചയും ചിത്രങ്ങളും സോഷ്യല് മീഡിയയില് വൈറലാകുകയാണ്. ഇവര് ഒന്നിച്ചുള്ള സംസാരങ്ങളില് എന്തൊക്കെയാകും ഉണ്ടാവുകയെന്ന ആകാംക്ഷയിലാണ് ആരാധകര്.
ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മീരയും കരീനയ്ക്കായി ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. ‘‘സ്ത്രീകൾ ആഗ്രഹിക്കുന്നത് തങ്ങളായിത്തന്നെ ഇരിക്കാനാണ്. എന്നെ ക്ഷണിച്ചതിനും, നിങ്ങൾ ആയിരിക്കുന്നതുപോലെയുള്ള ഒരു വ്യക്തിയായതിനും കരീന കപൂർ ഖാൻ, നിങ്ങൾക്ക് നന്ദി...’’ എന്നാണ് മീര കുറിച്ചത്. അതിനു മറുപടിയായി, ‘‘നിങ്ങൾ വന്നതിൽ അതിയായ സന്തോഷം, സുന്ദരീ....’’ എന്നാണ് കരീന കുറിച്ചത്.







Comments