
തിരുവനന്തപുരം: സംഘര്ഷഭരിതമായ സാഹചര്യത്തില് തലസ്ഥാനം തുടരുമ്പോള് പാര്ട്ടി ഓഫീസുകള്ക്ക് സുരക്ഷ കൂട്ടി പോലീസ്. ഇന്നലെ കോണ്ഗ്രസിന്റെ തിരുവനന്തപുരത്തെ ഓഫീസിന് നേരെ കല്ലേറ് ഉണ്ടായതിന് പിന്നാലെ ബിജെപിയുടെ മാരാര്ജി ഭവന് നേരെ ബീയര്കുപ്പിയേറും ഉണ്ടായിരുന്നു. സംഘര്ഷസാഹചര്യം തുടരുന്നതിനാല് ഇന്ന് പോലീസ് കനത്ത കാവലാണ് നഗരത്തില് ഏര്പ്പെടുത്തിയിരിക്കുന്നത്.
സംഘര്ഷ സാഹചര്യം കണക്കിലെടുത്ത് എകെജി സെന്റര്, ഡിവൈഎഫ്ഐ ഓഫീസ്, ഡിസിസി ഓഫീസ്, മാരാര്ജി ഭവന് അടക്കമുള്ള ഓഫീസുകള്ക്ക് സുരക്ഷ ശക്തമാക്കി. ഇതിന് പുറമേ ഇന്നലെ രാത്രിയില് യൂണിവേഴ്സിറ്റി കോളജ് പരിസരത്ത് പ്രവര്ത്തകരെ പൊലീസ് തല്ലിച്ചതച്ചതില് പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സംസ്ഥാന വ്യപകമായി ഇന്ന് പഠിപ്പ് മുടക്കും. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് എസ്എഫ്ഐ മാര്ച്ച് നടത്തും. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജില് നിന്ന് സെക്രട്ടേറിയറ്റിലേക്ക് ഉച്ചയ്ക്ക് 12 മണിക്ക് മാര്ച്ച് നടക്കും.
ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ബിജെപിയും ആഹ്വാനം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ യൂത്ത് കോണ്ഗ്രസ് സംഘടിപ്പിച്ച നൈറ്റ് മാര്ച്ചിനിടെയാണ് സംഘര്ഷങ്ങള്ക്ക് തുടക്കം. മാര്ച്ചിന് നേരെ കേരള യൂണിവേഴ്സിറ്റി മെന്സ് ഹോസ്റ്റലില് നിന്ന് കല്ലും ബിയര് കുപ്പികളും എറിഞ്ഞെന്ന് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് ആരോപിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് തീപ്പന്തം എറിഞ്ഞെന്ന് എസ്എഫ്ഐയും ആരോപിച്ചു. ഹോസ്റ്റലിലേക്ക് തീപ്പന്തം വീണതോടെ ഹോസ്റ്റലിന് മുന്നില് ഇരു വിഭാഗവും സംഘര്ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.







Comments