
സാഹിത്യ നിരൂപണത്തിന്റെ ഒരു ഊഷരകാലമാണിത് എന്ന തോന്നല് എനിക്കുണ്ട്. ഗാഢമായ പാരായണവും ആഴത്തിലുള്ള അപഗ്രഥനവും ആവശ്യപ്പെടുന്ന ഗംഭീര നീരൂപണ രചനകള് ഈ കാലത്ത് പ്രായേണ വിരളമാണ് എന്ന തോന്നല് എനിക്ക് മാത്രമുള്ളതാണോ എന്നും അറിയില്ല. ആധുനിക സാഹിത്യത്തിന്റെ ഗതിവിഗതികളെ സ്വാധീനിച്ച നിരൂപകരുടെ വലിയ ഒരു നിര അന്യം നിന്നുപോയി എന്ന് ന്യായമായും സംശയിക്കാം. പോസ്റ്റ്മോഡേണ് പരിസരത്തിലൂടെ കരുത്താര്ജ്ജിച്ച കഥാസാഹിത്യവും നോവലും കവിതയും അതിശക്തമായി മലയാള ആസ്വാദകനെ പ്രചോദിപ്പിക്കുമ്പോഴും കരുത്തുറ്റ നിരൂപണങ്ങളിലൂടെ അവയില് അധികവും വിലയിരുത്തപ്പെടുന്നില്ല തന്നെ. ഈ ആമുഖം ഇവിടെ സൂചിപ്പിച്ചത് ഗൗരവപൂര്വ്വം രചിക്കപ്പെട്ട സാഹിത്യ പഠനങ്ങളുടെ അല്ലെങ്കില് നിരൂപണങ്ങളുടെ ഒരു സമാഹാരത്തെക്കുറിച്ച് പറയാനുള്ള നാന്ദിയായിട്ടാണ്.
'വീടൊഴിഞ്ഞവരുടെ വേവ്' എന്ന പേരിലുള്ള സാഹിത്യ പഠനസമാഹാരം മലയാള നിരൂപണ ശാഖയ്ക്ക് ലഭിച്ച മികച്ച ഉപലബ്ധിയാണ്. പക്ഷം ചേരാത്ത പ്രതിഭയുടെ തിളക്കവും പ്രത്യയശാസ്ത്രദാസ്യങ്ങളുടെ ഭാരം പേറാത്ത തെളിഞ്ഞ ചിന്തയും ആര്.എസ്. കുറുപ്പിന്റെ ഈ പഠനങ്ങള് വിളംബരം ചെയ്യുന്നു. മലയാളത്തിലെ സാഹിത്യ നിരൂപകരുടെ പട്ടികയില് ആര്.എസ്. കുറുപ്പിന്റെ പേര് കണ്ടെന്നു വരില്ല. പ്രൗഢമായ ഈ പഠനസമാഹാരം ആര്.എസ്. കുറുപ്പ് എന്ന നിരൂപകന് മലയാളത്തില് ചിരപ്രതിഷ്ഠ നല്കും എന്ന് ഞാന് കരുതുന്നു. സ്വതന്ത്രമായ ചിന്താവഴികളും സൂക്ഷ്മവും നിശിതവുമായ കാഴ്ചപ്പാടുകളും കര്ക്കശത്ത്വമുള്ള വിഗ്രഹഭഞ്ജന ഭാവവും ആര്.എസ്. കുറുപ്പിന്റെ പഠനങ്ങളുടെ മുഖമുദ്രകളാണ്. ആഴമുള്ള വായനയിലൂടെ താന് സ്വാംശീകരിച്ച മലയാളീയേതര്യ സാഹിത്യ പരിചയവും ആധുനിക സാഹിത്യത്തെ പ്രചോദിപ്പിക്കുന്ന വൈദേശിക നിരൂപകരൂടെ ഉപദര്ശനങ്ങളും ആര്.എസ്. കുറുപ്പ് സ്വന്തം ചിന്തകളെ രാകി കൂര്പ്പിക്കാന് സമൃദ്ധമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് .
'വീടൊഴിഞ്ഞവരുടെ വേവ്' എന്നത് സച്ചിദാനന്ദന്റെ ഒരു പ്രയോഗമാണ്. വൈലോപ്പിള്ളിയെ അനുസ്മരിച്ചെഴുതിയ 'ഇവനെക്കൂടി' എന്ന കവിതയിലാണ് സച്ചിദാനന്ദന് ആലോചനാമൃതമായ ഈ പ്രയോഗം നടത്തിയത്. തന്റെ പഠനസമാഹാരത്തിന് ഇതേ പേര് നല്കുമ്പോള് ആര്.എസ് കുറുപ്പ് ആ പ്രയോഗത്തിന്റെ അര്ത്ഥധ്വനിസാധ്യതകള് സന്നിവേശിപ്പിക്കാവുന്ന മലയാളത്തിലെ മറ്റ് പല വിഖ്യാത രചനകളെയും ലക്ഷ്യമാക്കുന്നു എന്ന് നമുക്ക് വായിച്ചെടുക്കാം. വൈവിധ്യമാര്ന്ന ഒരു എഴുത്ത് ലോകത്തെയാണ് കുറുപ്പ് തന്റെ പഠനങ്ങള്ക്കായി സ്വീകരിച്ചിട്ടുള്ളത്. കുടിയൊഴിക്കല്, ചിന്താവിഷ്ടയായ സീത, മാമ്പഴം, കുരുക്ഷേത്രം, കിരാതവൃത്തം, ഓ.എന്.വി.യുടെ ഗസലുകള് സുഗതകുമാരിയുടെ കവിതകള് ശ്രീകുമാരന് തമ്പിയുടെ ഗാനങ്ങള്, രമേശന് നായരുടെ ചലച്ചിത്രഗാനലോകം, സാറാ ജോസഫ്, കെ. ആര്. മീര, സുഭാഷ് ചന്ദ്രന്, പി.എഫ്. മാത്യൂസ്, മാധവിക്കുട്ടി എന്നിവരുടെയൊക്കെ കഥകള്, ടി. എം. എബ്രഹാമിന്റെ നാടകങ്ങള്, 'പ്രതിബിംബ 'എന്ന വിശ്രുത മറാത്തി നാടകം, ദാസന്റെ ഊര്ഭംഗം ഇവയൊക്കെ ആര്.എസ്. കുറുപ്പ് പഠനവിധേയമാക്കുന്നു.
കെ. പി. അപ്പന്റെ തിരസ്കാര സിദ്ധാന്തത്തിന്റെ വിമര്ശവും റൊമില ഥാപ്പറുടെ ശാകുന്തളവിമര്ശനത്തിന് ഒരു മറുപടിയും പ്രത്യേകം പരാമര്ശം അര്ഹിക്കുന്ന പഠനങ്ങളാണ്. ഡോ. കെ. ജി. പൗലോസിന്റെ നാട്യം,നാടകം, രസം എന്ന ഗ്രന്ഥത്തിന്റെ പരിചയപ്പെടുത്തലും കവിതയിലെ വൃത്തതാളങ്ങള് എന്ന ലക്ഷണ ഗ്രന്ഥത്തിന് എഴുതിയ അവതാരികയും സമാഹാരത്തിലുണ്ട്. വിശകലന വിഷയങ്ങളുടെയും ഗ്രന്ഥങ്ങളുടെയും വൈവിധ്യം പഠനങ്ങള് ആവശ്യപ്പെടുന്ന സൂക്ഷ്മതയിലേക്കുള്ള ചൂണ്ടുപലയാണ്. 'വീടൊഴിഞ്ഞവരുടെ വേവ്' എന്ന ആദ്യ പഠനത്തില് വിമര്ശകന്റെ പൊളിച്ചെഴുത്ത് ശ്രമം തുടങ്ങുന്നുണ്ട്. 'കുടിയൊഴിക്കലിന്' എന്. വി. കൃഷ്ണവാര്യര് എഴുതിയ പ്രസിദ്ധമായ അവതാരികയില് പല പരിമിതികളും ഉണ്ടെന്ന് ആര്.എസ്. കുറുപ്പ് ചൂണ്ടിക്കാട്ടുന്നു. കൃതിയുടെ വായനയെ പരിമിതപ്പെടുത്തുക എന്ന ദോഷമാണ് പഠനകര്ത്താവ് ഈ അവതാരികയില് കാണുന്നത്. 'ഇതാണ് ഇടത്തരക്കാരന്റെ ട്രാജഡി. കുടിയൊഴിക്കലിലൂടെ വൈലോപ്പിള്ളി ഈ ട്രാജഡിക്ക് കവിതാമയമായ രൂപം നല്കിയിരിക്കുന്നു' എന്ന കൃഷ്ണവാര്യരുടെ വാദത്തെ നിരാകരിക്കാന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും സോഷ്യലിസ്റ്റ് റിയലിസത്തെയും വിമര്ശനകന് ഉപയോഗപ്പെടുത്തുന്നുണ്ട്. കുടിയൊഴിക്കലിലെ കഥാപാത്രങ്ങളെ മാര്ക്സിസ്റ്റ് സൗന്ദര്യദര്ശനത്തിന്റെ വെളിച്ചത്തില് അപഗ്രഥിച്ചുകൊണ്ടാണ് കൃഷ്ണവാര്യരുടെ അവതാരികയെ വിമര്ശകന് നിരാകരിക്കുന്നത്.കുടിയൊഴിക്കലിന്റെ ഈ പുനര്വായന ഒരു രാഷ്ട്രീയ പുനര്വിചിന്തനത്തിന് പോലും വഴിതെളിക്കും എന്ന പ്രത്യാശയും വിമര്ശകന് പ്രകടിപ്പിക്കുന്നുണ്ട്.
' ആശാന്റെ സീതാകാവ്യവും അഴീക്കോടിന്റെ നിരര്ത്ഥക നിഗമനങ്ങളും എന്ന പഠനം കുറുപ്പിന്റെ വിമര്ശ വീക്ഷണത്തിന്റെ സവിശേഷതകള് പ്രദര്ശിപ്പിക്കുന്നു. സൂക്ഷ്മമായ വിചിന്തനങ്ങളിലൂടെ സീതാകാവ്യത്തിന്റെ സാര്ത്ഥകമായ പുനര്വായനയാണ് ആര്എസ്. കുറുപ്പ് നടത്തുന്നത്. വാല്മീകി രാമായണത്തിന്റെ പ്രസക്തഭാഗങ്ങളെയും ഫ്രോയീഡെന് മനോ വിശകലന പദ്ധതികളെയും ഈ പഠനത്തില് തന്നെ വാദഗതികളുടെ സമർഥനത്തിനായി വിമര്ശകന് ഉപയോഗപ്പെടുത്തുന്നു. 'പ്ലേറ്റോ പ്രിയങ്കരനാണ് പക്ഷേ, അതിലും എത്രയോ പ്രിയങ്കരമാണ് സത്യം' എന്ന വ്യാഖ്യാന വാക്യം ഉദ്ധരിച്ചുകൊണ്ട് സുകുമാര് അഴീക്കോടിനെ നിശിതമായി വിമര്ശിക്കുകയാണ് ഇവിടെ. അഴീക്കോടിന്റെത് തെറ്റായ മനശാസ്ത്ര സമീപനമാണെന്ന് സ്വന്തം യുക്തികളിലൂടെ കുറുപ്പ് സ്ഥാപിക്കുന്നു.
മാമ്പഴത്തിന്റെ സാമൂഹിക പ്രസക്തി മുന്നിര്ത്തിയുള്ള പുനര് വായന ഈ സമാഹാരത്തിലെ അത്യന്തം ശ്രദ്ധാര്ഹമായ മറ്റൊരു പഠനമാണ്. എന്തുകൊണ്ട് വൈലോപ്പിള്ളിയുടെ മാമ്പഴം മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട കവിതയായി എന്ന് ലക്ഷ്യബോധത്തോടെ നടത്തുന്ന ഒരു അന്വേഷണമാണ് ഇവിടെ കാണുന്നത്. കുട്ടികൃഷ്ണമാരാര്, ലീലാവതി, കെ.പി. അപ്പന് തുടങ്ങിയവരുടെ മാമ്പഴ സമീപനത്തെ സൂചിപ്പിച്ചുകൊണ്ട് അവയുടെ മികവുകളും പരിമിതികളും ഇവിടെ വിശകലനം ചെയ്യുന്നു. ഫ്രോയീഡിയന് മനോവിജ്ഞാനീയത്തിന്റെ പദാവലികള് ഉപയോഗിച്ച് മാമ്പഴത്തെ വ്യാഖ്യാനിച്ച എം. എന്. വിജയന്റെ അത്യന്തം ബാലിശമായ ചില പ്രസ്താവനകള് ഇവിടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. സൗഗന്ധിക സ്വര്ണ്ണം എന്ന പ്രയോഗം കൊണ്ട് സൂചിതമാകുന്നത് അമ്മയുടെ മുലകളാണ്, മാമ്പഴം മാതാവിന്റെ മുല തന്നെയാണ് അര്ത്ഥമാക്കുന്നത്എന്നൊക്കെയുള്ള എം.എൻ. വിജയന്റെ നിരീക്ഷണക്കുറിപ്പൊക്കെ ബാലിശമെന്നു പറഞ്ഞുകൊണ്ടാണ് നിരാകരിക്കുന്നത്. അയ്യപ്പപണിക്കരുടെ കുരുക്ഷേത്രത്തിന്റെ രാഷ്ട്രീയ സമസ്യകള് വെളിവാക്കുന്ന പഠനമാണ് 'കുരുക്ഷേത്രത്തിലേക്ക് വീണ്ടും' എന്നത്.
മലയാളത്തിലെ ആധുനികത പ്രസ്ഥാനത്തിലെ ആദ്യ കൃതിയായ കുരുക്ഷേത്രം ഒരു കറതീര്ന്ന രാഷ്ട്രീയ കൃതിയാണ് എന്നത്രേ ആര്. എസ്. കുറുപ്പ് സൂചിപ്പിക്കുന്നത്. വനനശീകരണം മുതല് സാമ്രാജ്യത്വ യുദ്ധങ്ങളും തീവ്രവാദി ആക്രമണങ്ങളും വരെയുള്ള അനീതികളെക്കുറിച്ച് ഓര്മിപ്പിക്കുന്ന 'കിരാതവൃത്തം' എന്ന കടമ്മനിട്ട കവിതയെ ആഴത്തില് കുറുപ്പ് സമീപിക്കുന്നുണ്ട്. സുഗതകുമാരിയുടെ വിഖ്യാത കവിതകളുടെ സ്വതന്ത്ര പാരായണമാണ് 'നെറ്റിയിലിറ്റു നിലാവിൻ ചന്ദനമിട്ടും' എന്ന പേരിലുള്ള പഠനം. സുഗതകുമാരിയുടെ സ്ത്രീപക്ഷ നിലപാടുകളെ കുറിച്ച് കൂടുതല് വിശദമായ പഠനം ആവശ്യമുണ്ട് എന്ന് കുറുപ്പ് പറയുന്നുണ്ട് സ്ത്രീയുടെ മോചനം, സുഗതകുമാരിയുടെ ആത്മാവ് ആയിരിക്കുമ്പോഴും ഫെമിനിസത്തിന്റെ അംഗീകൃത ചിന്താധാരകളില് ഒന്നുപോലും അവര്ക്ക് സ്വീകാര്യമായിരുന്നില്ല എന്നും അദ്ദേഹം നമ്മളെ ഓര്മിപ്പിക്കുന്നു. രാമായണം വിഷയമാക്കിയുള്ള സാറാ ജോസഫിന്റെ കഥകളെ കുറിച്ചുള്ള പഠനം വളരെ വളരെ ശ്രദ്ധാര്ഹമാണ്. സാറാ ജോസഫിനെ ഇത്തരമൊരു പ്ലാറ്റ് ഫോമില് തന്നെ നിര്ത്തി വീക്ഷിക്കുന്ന മറ്റേതെങ്കിലും പഠനംആര്.എസ്. കുറുപ്പിന്റെ അല്ലാതെ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. സാറാ ജോസഫ് എഴുതിയ രാമായണ കഥകളെ 'സാറായണങ്ങള്' എന്ന് ആദ്യമായി വിശേഷിപ്പിച്ചത് സച്ചിദാനന്ദനാണ്. സാറായണങ്ങളെ വിമര്ശനാത്മകമായി സമീപിച്ചുകൊണ്ട് കുറുപ്പ് പറയുന്നത് ഇങ്ങനെയാണ് തന്റെ കഥാ പ്രപഞ്ചത്തിനുള്ളിലെ വിശ്വസനീയത നിലനിര്ത്താനുള്ള കരകൗശലം സാറാജോസഫിനുണ്ട് എന്നിട്ടും എന്തേ അവരുടെ സാറായണങ്ങള് നല്ല കലാസൃഷ്ടികള് അല്ലാതിരിക്കുന്നത്. കാരണം അവ സാറായണങ്ങള് ആണ് എന്നതു തന്നെയല്ലേ?.അതേ സാറായണങ്ങൾ ആയതുകൊണ്ടു തന്നെ. കാരണവും ഇവിടെ ചൂണ്ടിക്കാട്ടുന്നുണ്ട്.
സച്ചിദാനന്ദന് സൂചിപ്പിച്ചതുപോലെ കഥാപാത്രങ്ങള് അല്ല കഥാകാരി തന്നെയാണ് കൂടുതലും സംസാരിക്കുന്നത്. ഇത് ആ ർ.എസ് കുറുപ്പിൻ്റെ വാക്കുകളാണ്. ചില സാറായണങ്ങളിലുടെ കടന്നുപോയിട്ടുള്ള എനിക്ക് ഈ നിരീക്ഷണം പൂർണമായും ഉൾക്കൊള്ളാവുന്നതല്ല എന്നും ഇവിടെ സൂചിപ്പിക്കട്ടെ. തായ് കുലം തുടങ്ങിയ കഥകളുടെ ശിൽപ്പപരമായ ദൗർബ്ബല്യങ്ങളെ ചോദ്യം ചെയ്യുന്ന വിമർശകന്റെ സൂക്ഷ്മ ദർശന വ്യഗ്രതയെ ഞാൻ അംഗീകരിക്കുകയും ചെയ്യും. കെ.ആർ. മീരയുടെ ഏതാനും കഥകളിലൂടെ അവരുടെ കഥാലോക ത്തെ സമഗ്രമായി വീക്ഷിക്കുന്നു 'മാർബിൾ പാതകങ്ങളുടെ മനസ്സ്'. ആഖ്യാനത്തിലെ ആഡംബര രാഹിത്യവും ഗ്രാമൃതയും നൽകുന്ന ശക്തിയും സൗന്ദര്യവും പ്രതീകങ്ങളുടെ ധ്വനന ശേഷിയും ഭാഷയുടെ ഭാവതീവ്രതയും മീരയുടെ കഥകളുടെ സവിശേഷതകളായി ഈ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സുഭാഷ് ചന്ദ്രൻ്റെ കഥകളിൽ കടന്നുവരുന്ന അമ്മയെ സൂക്ഷ്മമായി അന്വേഷിക്കുന്ന 'ഈഡിപ്പസിൻ്റെ അമ്മ' എന്ന പഠനം അത്യന്തം ശ്രദ്ധാർഹമാണ്. സുഭാഷ് ചന്ദ്രൻ്റെ കഥകളെ ആസ്പദമാക്കി വന്നിട്ടുള്ള ഏറ്റവും മിക ച്ച പഠനമായി ഇതിനെ വിശേഷിപ്പിക്കാം. ഫ്രോയിഡും ഈഡി പസ് കോംപ്ലക്സും മിത്തും കഥയും കലയും എല്ലാം ഗാഢമായി ഇവിടെ പരിചിന്തിക്കപ്പെടുന്നു.സുഭാഷ് ചന്ദ്രൻ്റെ ആധുനിക കാല അമ്മയിലൂടെ ലോകത്തിലെ എല്ലാം ജനവിഭാഗങ്ങളുടെയും സാമൂഹ്യ അബോധത്തിലെ മാതൃരൂപത്തെ നിരൂപകൻ ഈ പഠനത്തിലൂടെ തെളിച്ചു വിളംബരം ചെയ്യുന്നുണ്ട്. 'തിരസ്കാരത്തിന്റെ കാവ്യ ശാസ്ത്രം' എന്ന പ്രബന്ധം കെ. പി. അപ്പൻ്റെ തിരസ്കാരലാവണ്യ ശാസ്ത്രത്തിന്റെ വിമർശനാത്മക പഠനമാണ്. കൃതഹസ്തനായ നാടകകൃത്ത് ടി.എം. എബ്രഹാമിൻ്റെ നാടകങ്ങളെ കുറിച്ചുള്ള ഒരു വിശദപഠനവും ഈ വിമർശന ഗ്രന്ഥത്തിൽ ഉണ്ട്. നിരൂപകൻ കേവലം സാഹിത്യ ആസ്വാദകനല്ല കൃതിയുടെ നന്മതിന്മകളെ അരിച്ചെടുക്കുന്ന ഒരു അരിപ്പയും അല്ല അയാൾ തന്നെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന രചനകളോട് നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്ന ഒരു സന്ദേഹിയാകണം നിരൂപകൻ. തന്റെ സന്ദേഹങ്ങൾക്ക് രചനകളുടെ കയങ്ങളിലേക്കും കാണാപ്പുറങ്ങളിലേക്കും മുങ്ങാംകുഴിയിട്ടു ഉത്തരങ്ങൾ അന്വേഷിക്കുമ്പോഴാണ് ഒരാൾ നല്ല നിരൂപകരാകുന്നത് 'വീടൊഴിഞ്ഞവരുടെ വേവ്' എഴുതിയ ആർ എസ് കുറുപ്പ് അത്തരത്തിലൊരു നിരൂപകനാണ് എന്നു പറയുന്നത് അതിശയോക്തിയല്ല. നിഗമനങ്ങളോടും നിരീക്ഷണങ്ങളോടും പൂർണമായി യോജിപ്പിലെത്താത്തവർ പോലും ശ്രീ. ആർ എസ്. കുറുപ്പിൻ്റെ സമീപനങ്ങളുടെ ഗാഢമായ ആത്മാർത്ഥത സ്വീകരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.
Dr C G Rajendrababu







Comments