
ജനപ്രിയ നായകന് ദിലീപിന്റെയും മലയാളികളുടെ പ്രിയ അഭിനേത്രിയാ കാവ്യ മാധവന്റെയും മകള് മഹാലക്ഷ്മി ജനിച്ച കാലം മുതല് തന്നെ സെലിബ്രിറ്റിയായ താരപുത്രിയാണ്. പലപ്പോഴും കാവ്യയ്ക്കും ദിലീപിനും ചേച്ചി മീനാക്ഷിയ്ക്കുമൊപ്പം മഹാലക്ഷ്മി ക്യാമറക്കണ്ണുകള്ക്ക് മുന്നിലെത്താറുണ്ട്. അഭിമുഖങ്ങളിലും ദിലീപ് പറയുന്ന വാക്കുകളിലൂടെ മഹാലക്ഷ്മി പ്രേക്ഷകര്ക്ക് ചിരപരിചിതയാണ്. മാമാട്ടി എന്ന് വിളിപ്പേരുള്ള മകളുടെ കുസൃതിത്തരങ്ങളും ചടുലമായ സംസാരവുമൊക്കെ ദിലീപ് പല അഭിമുഖങ്ങളിലും പങ്കുവച്ചിട്ടുണ്ട്. കാവ്യയുടെ സോഷ്യല് മീഡിയ അക്കൗണ്ടിലൂടെയും മഹാലക്ഷ്മിയുടെ ചിത്രങ്ങള് പ്രേക്ഷകര്ക്ക് മുന്നിലെത്താറുണ്ട്.
ഇപ്പോഴിതാ ചെന്നൈയിൽ ആരംഭിച്ച ദേ പുട്ട് റെസ്റ്റോറന്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത ശേഷം അച്ഛന് സ്വന്തം കൈകൊണ്ട് ഐസ് ടീ ഉണ്ടാക്കി നൽകുന്ന മഹാലക്ഷ്മിയുടെ വീഡിയോയാണ് സോഷ്യല് മീഡിയയില് നിറയുന്നത്. കാവ്യ മാധവന് പങ്കിട്ട വീഡിയോയില് തലമുടി കവർ ചെയ്ത് വലിയ ഗൗരവത്തോടെ അടുക്കളയില് ഐസ് ടീ തയ്യാറാക്കുന്ന ഒരു ‘കുട്ടിഷെഫി’നെ കാണാം. ഒരു ഐസ് ടീ സ്പെഷ്യലിസ്റ്റ് ഷെഫ് ആണെന്ന ഭാവത്തിലാണ് മഹാലക്ഷ്മി അടുക്കളയില് ഓരോ കാര്യങ്ങളും ചെയ്യുന്നത്. വളരെ ആവേശത്തോടെ ഐസ് ടീ തയ്യാറാക്കിയ ശേഷം, അത് സ്വയം അച്ഛന് കൊണ്ടുപോയി കൊടുക്കുന്ന മഹാലക്ഷ്മിയെയും വീഡിയോയില് കാണാം. മകള് സ്വന്തം കൈകൊണ്ട് ഉണ്ടാക്കിത്തന്ന ഐസ് ടീ ഒരു സിപ്പ് കുടിച്ച ശേഷം, ദിലീപ് അതിശയത്തോടെ മകളെ നോക്കിയ ശേഷം വലിയ സന്തോഷത്തോടെ ‘താങ്ക്യൂ ഷെഫ്’ എന്നും പറയുന്നുണ്ട്. ഈ വാക്കുകള് കേട്ടതും ഒരു ചുമരിന്റെ മറവില് നിന്ന് അച്ഛനെ ഒളിഞ്ഞു നോക്കി ഒരു കള്ളച്ചിരി പാസാക്കുന്ന മാമാട്ടിയെയും വീഡിയോയില് കാണാം.
‘‘ഐസ് ടീ സ്പെഷ്യലിസ്റ്റ് ഷെഫ് മമ്മു...’’ എന്ന ക്യാപ്ഷന് നല്കി കാവ്യ പങ്കിട്ട ഈ ക്യൂട്ട് വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. മകളുടെ കുസൃതിയും അച്ഛനും മകളും തമ്മിലുള്ള സ്നേഹവും കണ്ട് നിരവധി പേര് കമന്റുകള് നല്കുന്നുണ്ട്. സിനിമയിലെ താരജാഡകളില്ലാത്ത ദിലീപിന്റെയും കാവ്യയുടെയും കുടുംബ നിമിഷങ്ങള് ആരാധകർ വലിയ ആഘോഷമാക്കുന്നുമുണ്ട്.
ഇക്കഴിഞ്ഞ ദിവസമാണ് ദിലീപിന്റെയും സംവിധായകൻ നാദിർഷയുടെയും ഉടമസ്ഥതയിലുള്ള പ്രശസ്ത റസ്റ്ററന്റ് ശൃംഖലയായ ‘ദേ പുട്ട്’ ചെന്നൈയില് ആരംഭിച്ചത്. അണ്ണാ നഗറിൽ ആരംഭിച്ച പുതിയ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം പ്രമുഖ നിർമാതാവും വ്യാപാരിയുമായ ഗോകുലം ഗോപാലനാണ് നിര്വഹിച്ചത്. ചടങ്ങില് മലയാളം, തമിഴ് സെലിബ്രിറ്റികളില് പലരുമെത്തിയിരുന്നു.
ശാരദ, ഷീല, സീമ, രാധിക ശരത്കുമാർ, മീന, കലാമാസ്റ്റർ, ഗായിക സുജാത, പ്രിയദർശൻ, അശോകൻ എന്നിവർ ചേർന്നാണ് ‘ദേ പുട്ടി’ല് ഭദ്രദീപം കൊളുത്തിയത്. ദിലീപിനൊപ്പം കാവ്യയും മകള് മഹാലക്ഷ്മിയും നാദിര്ഷയുമൊക്കെയുണ്ടായിരുന്നു. അര്ജുന് അശോകനടക്കം പല താരങ്ങളും അപ്രതീക്ഷിതമായി എത്തുകയും കൂടി ചെയ്തതോടെ വലിയൊരു താരസംഗമത്തിനാണ് ചെന്നൈ സാക്ഷ്യം വഹിച്ചത്.







Comments