
പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായ ഇ എന് സുരേഷ് ബാബുവിനെതിരെ കൂടുതല് നടപടിക്ക് സാധ്യത. യുവ അഭിഭാഷകയുടെ പരാതി ഗൗരവതരമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പാര്ട്ടിയുടെ പ്രാഥമികാംഗത്വത്തില് നിന്നു തന്നെ പുറത്താക്കിയേക്കാനും സാധ്യതയുണ്ട്. പരാതികള് പരിശോധിച്ച് കര്ശന നടപടിയെടുക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പ്രത്യേക കമ്മീഷനെ വെച്ച് അന്വേഷണം നടത്താനും അടുത്ത സംസ്ഥാന കമ്മിറ്റിയില് തീരുമാനം എടുക്കുമെന്നുമാണ് വിവരം.
ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാകമ്മിറ്റിയിലും സുരേഷ്ബാബുവിനെതിരേ കടുത്ത വിമര്ശനമാണ് ഉയര്ന്നത്. സംസ്ഥാന കമ്മിറ്റിയില് നിന്നും ജില്ലാ കമ്മിറ്റിയില് നിന്നും ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. ഗുരുതരമായ ആരോപണങ്ങള് ഉയര്ന്നതിന് പിന്നാലെ പാര്ട്ടി പദവികളില് സുരേഷ് ബാബു തുടരുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്.
ജില്ലയില് നിന്നുള്ള കേന്ദ്ര,സംസ്ഥാന വനിതാ നേതാക്കള് യുവതിയുടെ പീഡന പരാതി അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇ എന് സുരേഷ് ബാബുവിന്റെ സെക്രട്ടറി സ്ഥാനം തെറിച്ചത്. പീഡന പരാതിയില് കൂടുതല് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലാണ് പീഡന ശ്രമം നടന്നതെന്നാണ് വിവരം. പാര്ട്ടി ഓഫീസില് വിളിച്ചുവരുത്തി യുവതിയെ അപമാനിച്ചതിന്റെ ഡിജിറ്റല് തെളിവുകള് പരാതിക്കാരി പാര്ട്ടിക്ക് നല്കിയിട്ടുണ്ട്. സുരേഷ്ബാബു യുവതിയോട് ഫോണിലും നേരിട്ടും മോശമായി സംസാരിച്ചിരുന്നു.
ഇ എന് സുരേഷ് ബാബുവിനെതിരെ സംഘടനാപരമായി ഉയര്ന്ന പരാതികളും കമ്മീഷന് അന്വേഷിക്കും. തുടര്നടപടികള് പരാതികള് പരിശോധിച്ച ശേഷമെന്നാണ് എം വി ഗോവിന്ദന് പ്രതികരിച്ചത്. അതേസമയം, ഇ എന് സുരേഷ് ബാബുവിനെ മാറ്റിയത് പാര്ട്ടി നടപടിയാണെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം എന് എന് കൃഷ്ണദാസ് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാല് താന് സ്വയം മാറുകയാണെന്നായിരുന്നു സുരേഷ് ബാബു ഇന്നലെ പ്രതികരിച്ചത്.
സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ എന് സുരേഷ് ബാബുവിനെ മാറ്റി പകരം വി ചെന്താമരാക്ഷനെയാണ് നിയമിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല് സ്ഥാനമൊഴിയുന്ന സാഹചര്യത്തില് പകരമായി പാര്ട്ടി തന്നെ ചുമതലപ്പെടുത്തുക ആയിരുന്നെന്നാണ് ഇരുവരും ചേര്ന്ന് നടത്തിയ വാര്ത്താസമ്മേളനത്തില് വി ചെന്താമരാക്ഷന് ഇന്നലെ പ്രതികരിച്ചത്.







Comments