
ജപ്പാനിലെ ഹൊക്കൈഡോയിൽ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് നേരെ തവിട്ടുനിറത്തിലുള്ള കരടിയുടെ ആക്രമണം. കരടിക്കുഞ്ഞിനൊപ്പം റോഡരികിലെത്തിയ അമ്മക്കരടിയെ കണ്ടതോടെ ഡ്രൈവർ കാർ നിർത്തുകയായിരുന്നു. എന്നാൽ പിന്നാലെ അമ്മക്കരടി വാഹനത്തിന് നേരെ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. സെപ്റ്റംബർ 29-ന് രാത്രി ബിഫുക പട്ടണത്തിന് സമീപമാണ് സംഭവം. സംഭവത്തിന്റെ ഡാഷ്കാം ദൃശ്യങ്ങൾ ജപ്പാൻ പോലീസ് പുറത്തുവിട്ടതോടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കരടിക്കുഞ്ഞും അമ്മക്കരടിയും ആദ്യം കാറിൽനിന്ന് അകന്ന് പോകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതിനിടെ ഡ്രൈവർ വാഹനം നിർത്തി കാത്തുനിന്നു. പെട്ടെന്ന് വലിയ കരടി തിരിഞ്ഞ് കാറിനുനേരെ പാഞ്ഞെത്തുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ ബോണറ്റിലേക്ക് ചാടിക്കയറിയ കരടി മൂർച്ചയേറിയ നഖങ്ങൾ ഉപയോഗിച്ച് കാറിൽ ശക്തമായി അടിക്കുകയും പിന്നീട് വാഹനത്തിൽ ഇടിക്കുകയും ചെയ്തു. കുഞ്ഞിനെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അമ്മക്കരടി ആക്രമണകാരിയായതെന്നാണ് കരുതുന്നത്.
ആക്രമണത്തിൽ കാറിന്റെ ബോണറ്റിൽ നിരവധി പോറലുകളും ചതവുകളും ഉണ്ടായി. നഖംകൊണ്ടുള്ള ആക്രമണത്തിൽ ബോണറ്റിന്റെ ഒരു ഭാഗത്ത് ദ്വാരം വരെ രൂപപ്പെട്ടു. കരടി വീണ്ടും കാറിനുനേരെ പാഞ്ഞെത്തിയെങ്കിലും വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർക്കു പരിക്കേറ്റില്ല. ആക്രമണത്തിന് ശേഷം അമ്മക്കരടി കുഞ്ഞിനൊപ്പം അവിടെനിന്ന് മാറിപ്പോകുകയായിരുന്നു. കരടികൾക്ക് പരിക്കേറ്റോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ഹൊക്കൈഡോയിൽ തവിട്ടുനിറത്തിലുള്ള കരടികളുടെ സാന്നിധ്യം കൂടുതലായതിനാൽ റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കരടിയെ വാഹനത്തിനുള്ളിൽനിന്ന് കാണുമ്പോൾ പെട്ടെന്ന് വാഹനമോടിച്ച് രക്ഷപ്പെടാൻ ശ്രമിക്കാതെ വാഹനം നിർത്തി സാഹചര്യം നിരീക്ഷിക്കുകയാണ് ഉചിതമെന്ന് വിദഗ്ധർ പറയുന്നു. കുഞ്ഞിനൊപ്പമുള്ള അമ്മക്കരടികൾ കൂടുതൽ ആക്രമണകാരികളാകാൻ സാധ്യതയുള്ളതിനാൽ ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുന്നറിയിപ്പുണ്ട്.







Comments