
ഡല്ഹി മെട്രോയിലെ പരിചിത ശബ്ദമായ ഷമ്മി നാരംഗിന്റെ കൊച്ചുമകൻ റുഷാന്റെ ആദ്യ മെട്രോ യാത്രയിലെ രസകരമായ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. റുഷാനെ ആദ്യമായി ഡൽഹി മെട്രോയിൽ കൊണ്ടുപോയ ഷമ്മി നാരംഗ് യാത്രയുടെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. എന്നാൽ മെട്രോയിൽ അനൗൺസ്മെന്റ് കേട്ടതോടെ കൊച്ചുമകന്റെ ശ്രദ്ധ മുഴുവൻ ആ ശബ്ദത്തിലേക്കായി. കാരണം, തനിക്ക് വീട്ടിൽ പരിചിതമായ ‘ദാദുവിന്റെ’ ശബ്ദം തന്നെയായിരുന്നു മെട്രോയ്ക്കുള്ളിൽ കേട്ടത്.
മെട്രോ സ്റ്റേഷനും ട്രെയിനിനുള്ളിലെ കാഴ്ചകളുമെല്ലാം കൗതുകത്തോടെ നോക്കുന്ന റുഷാൻ, അനൗൺസ്മെന്റ് കേട്ടതോടെ അമ്പരക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. കുടുംബാംഗങ്ങൾ മെട്രോയിൽ കേൾക്കുന്ന ശബ്ദം തന്റെ ദാദുവിന്റേതാണെന്ന് റുഷാനെ മനസിലാക്കിക്കൊടുക്കുകയും ചെയ്തു. പരിചിതമായ ശബ്ദം മറ്റൊരു സാഹചര്യത്തിൽ കേൾക്കുന്നതിന്റെ കൗതുകവും ആശയക്കുഴപ്പവും കുഞ്ഞിന്റെ മുഖത്ത് വ്യക്തമായിരുന്നു.
ഈ നിമിഷം തങ്ങൾക്ക് ഏറെ പ്രത്യേകതയുള്ളതാണെന്ന് ഷമ്മി നാരംഗ് പറഞ്ഞു. ജീവിതകാലം മുഴുവൻ മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യാൻ കഴിഞ്ഞേക്കില്ലെങ്കിലും തന്റെ ശബ്ദം ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കുമെന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കുറിച്ചു. തന്റെ ശബ്ദം കൊച്ചുമകൻ റുഷാനിലേക്കും ഒരുപക്ഷേ ഭാവിയിൽ അവന്റെ മക്കളിലേക്കും അതിനപ്പുറമുള്ള തലമുറകളിലേക്കും എത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
വീഡിയോയുടെ അവസാനം ഷമ്മി നാരംഗ് തന്നെ മെട്രോയിലെ പരിചിതമായ രീതിയിൽ ‘അഗ്ലാ സ്റ്റേഷൻ സുൽത്താൻപൂർ’ എന്ന് അനൗൺസ് ചെയ്യുന്നതും കാണാം. ഡൽഹി മെട്രോയിലെ യാത്രക്കാർ വർഷങ്ങളായി കേൾക്കുന്ന ശബ്ദം ആദ്യമായി മെട്രോയ്ക്കുള്ളിൽ നിന്ന് കേട്ട കൊച്ചുമകന്റെ പ്രതികരണമാണ് വീഡിയോയെ കൂടുതൽ ഹൃദ്യമാക്കുന്നത്. റുഷാന്റെ ആദ്യ മെട്രോ യാത്ര ഒരു കുടുംബ ഓർമയായി മാറിയതോടെ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിരവധി പേരുടെ സ്നേഹപ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.







Comments