
മാനസികവും ശാരീരികവുമായുണ്ടായ പ്രയാസങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളില് കുറിപ്പ് പങ്കുവെച്ച് ഗായിക അഞ്ജു ജോസഫ്. കഴിഞ്ഞ ഏതാനും ആഴ്ചകൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും, ഉത്കണ്ഠയ്ക്കുള്ള മരുന്നുകള് വീണ്ടും കഴിക്കേണ്ടി വന്നുവെന്നും ഇന്ഹേലര് ഉപയോഗിക്കേണ്ടി വന്നു എന്നും അഞ്ജു പറയുന്നു. ജീവിതത്തിലേക്ക് കടന്നുവന്ന നല്ല മനുഷ്യര്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അഞ്ജു ജോസഫ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
"കഴിഞ്ഞ കുറച്ചു ആഴ്ചകള് എനിക്ക് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ജീവിതം ഏറ്റവും സന്തോഷത്തോടെ പോയിരുന്ന സമയത്താണ് എന്റെ ഉത്കണ്ഠയ്ക്കുള്ള മരുന്നുകള് വീണ്ടും കഴിക്കേണ്ടി വന്നത്. ഇന്ഹേലറും ഉപയോഗിക്കേണ്ടി വന്നു. ഭൂതകാലത്തെ മാനസികാഘാതങ്ങള് ഏതുസമയത്തും തിരിച്ചുവരാം എന്ന് ഞാന് തിരിച്ചറിഞ്ഞു. ഞാനിങ്ങനെയാണ് എന്ന് ഞാന് അംഗീകരിച്ചിരിക്കുന്നു! ഞാന് ചോദിക്കാതെ തന്നെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആ നല്ല മനുഷ്യരോട് ഞാന് നന്ദിയുള്ളവളാണ്. അവര് പ്രശ്നങ്ങളെക്കുറിച്ച് ഒന്നും ചോദിച്ചില്ല, എന്നെ വിധിച്ചില്ല, ഉപദേശങ്ങള് നല്കിയതുമില്ല. അവര് വെറുതെ വന്നു, എന്റെ കൂടെ നിന്നു, എന്നെ ചിരിപ്പിച്ചു! ജീവിതത്തിന് നന്ദി" - അഞ്ജു കുറിച്ചു.
റിയാലിറ്റി ഷോകളിലൂടെ കരിയര് ആരംഭിച്ച അഞ്ജു, 'ഡോക്ടര് ലവ്' എന്ന ചിത്രത്തിലൂടെയാണ് സിനിമ പിന്നണി ഗാനരംഗത്ത് അരങ്ങേറിയത്. 'അര്ച്ചന 31 നോട്ടൗട്ട്' എന്ന ചിത്രത്തിലൂടെ അഭിനയത്തിലും അഞ്ജു സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഗായികയുടെ കവര് സോങ്ങുകള്ക്കും ആരാധകര് ഏറെയാണ്. സ്റ്റേജ് ഷോകളിലും അഞ്ജു സജീവമാണ്.
ആദിത്യ പരമേശ്വരനാണ് അഞ്ജുവിന്റെ പങ്കാളി. 2024ലായിരുന്നു ഇവരുടെ വിവാഹം. ഇരുവരും ഒന്നിച്ച് പാടുന്ന കവര് ഗാനങ്ങള്ക്കും സമൂഹമാധ്യമങ്ങളില് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.







Comments