
പാലക്കാട്: പീഡനാരോപണത്തില് പരാതി ഉയര്ന്ന സാഹചര്യത്തില് സിപിഐഎം നേതാവ് ഇ എന് സുരേഷ് ബാബുവിനെ പാര്ട്ടിവേദികളില് നിന്നും മാറ്റി നിര്ത്തും. കടുത്ത നടപടിവരും വരെ ഈ രീതി തുടരാനാണ് ഉദ്ദേശം. സിപിഐഎം. സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുംവരെ മാറ്റിനിര്ത്താനാണ് പാര്ട്ടിയില് ആലോചന. ഈ മാസം അവസാനത്തോടെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലായിരിക്കും പരാതിയിൽ തീരുമാനമുണ്ടാകുക. ജില്ലാനേതൃത്വത്തില് നിന്നു തന്നെ സുരേഷ്ബാബുവിനെതിരേ ശക്തമായ നിലപാടുകള് ഉയര്ന്നിട്ടുണ്ട്.
സുരേഷ്ബാബു തുടരുന്നത് സാധാരണ ജനങ്ങളെ പാര്ട്ടിയില് നിന്നും അകറ്റുമെന്നാണ് വിലയിരുത്തല്. സിപിഐഎം സംസ്ഥാന നേതൃത്വത്തിന് മേല് സമ്മര്ദവും ഉയര്ന്നിട്ടുണ്ട്. സിപിഐഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസ് തന്നെ പീഡനത്തിനായി ഉപയോഗിച്ചു എന്നത് പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. സിപിഐഎമ്മിന്റെ പാര്ട്ടി ഓഫീസുകള് നേതാക്കള് തന്നെ സ്ത്രീകളോട് അപമര്യാദയായി പെരുമാറാന് ഉപയോഗിക്കുന്നു എന്നാണ് ബിജെപി ആരോപിച്ചത്. പാര്ട്ടിക്കുള്ളില് തന്നെ വിഷയം ചര്ച്ച ചെയ്തതിനേയും വിമര്ശിച്ചിട്ടുണ്ട്.
അതേസമയം വനിതാ അഭിഭാഷക പൊലീസില് പരാതി നല്കില്ലെന്നാണ് സൂചന. പാര്ട്ടിയില് ഉചിതമായ നടപടിയില്ലങ്കില് മാത്രം നിയമനടപടിയിലേക്ക് കടക്കാനാണ് നീക്കം. സുരേഷ് ബാബുവിനെ പാര്ട്ടിയില് നിന്ന് പുറത്താക്കുമെന്ന് യുവതിയ്ക്ക് സംസ്ഥാന നേതൃത്വം ഉറപ്പ് നല്കിയെന്നും വിവരമുണ്ട്. എന്നാല് പരാതി പൊലീസിന് കൈമാറാന് കോണ്ഗ്രസും ബിജെപിയും സിപിഐഎമ്മിനെ വെല്ലുവിളിക്കുകയാണ്.
ഇരയ്ക്കൊപ്പം എന്ന് പറഞ്ഞ് വേട്ടക്കാരന് ഒപ്പം നില്ക്കുന്ന സമീപനമാണ് സിപിഐഎം സ്വീകരിക്കുന്നതെന്നാണ് പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന് പ്രശാന്ത് ശിവന് പ്രതികരിച്ചത്. പാര്ട്ടി കോടതിയല്ല, പൊലീസ് അന്വേഷണം വേണം. സുരേഷ് ബാബുവിനെതിരെ ലഭിച്ച പരാതി പൊലീസിന് കൈമാറാന് സിപിഐഎം തയ്യാറാവണം. സിപിഐഎം പാര്ട്ടി ഓഫീസുകള് പീഡന കേന്ദ്രങ്ങളായി മാറി.
പാലക്കാട് ജില്ലയില് ഇത് മൂന്നാം തവണയാണ് പാര്ട്ടി ഓഫീസില് പീഡനം നടക്കുന്നത്. സിപിഐഎമ്മിന്റെ സൈബര് ആക്രമണം ഉള്പ്പെടെ ഭയന്നായിരിക്കണം യുവതി പൊലീസില് പരാതി നല്കാത്തതെന്നും പ്രശാന്ത് ശിവന് ആരോപിച്ചു.
ജോലി വാഗ്ദാനം ചെയ്ത്, മറ്റൊരു യുവതിയോടും സുരേഷ്ബാബു മോശമായി പെരുമാറിയെന്ന ആരോപണമുണ്ട്. മുമ്പ് പി കെ ശശി ഗുരുതര ആരോപണങ്ങള് ഉന്നയിച്ചപ്പോഴും കൊഴിഞ്ഞാമ്പാറയില് പാര്ട്ടി രണ്ടായപ്പോഴും ഇ എന് സുരേഷ് ബാബുവിനൊപ്പം നിന്ന സംസ്ഥാന നേതൃത്വം ഇത്തവണ സമ്മര്ദ്ദത്തിലായിട്ടുണ്ട്. പാര്ട്ടി ഓഫീസിന്റെ നവീകരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും ഉയര്ന്നിട്ടുണ്ട്.







Comments