
ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് ശർമയെ വിമാനത്താവളത്തിൽ നേരിൽ കണ്ടതിന്റെ ആവേശം അടക്കാനാകാതെ ആരാധിക. താരത്തെ കണ്ടയുടൻ ഓടിയെത്തിയ യുവതി ചിത്രത്തിനും കൈയൊപ്പിനുമായി അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് അഭിഷേക് ശർമ ആരാധികയുടെ കൈയിൽ കൈയൊപ്പ് നൽകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
കയ്യിൽ പേനയുമായാണ് യുവതി താരത്തെ പിന്തുടർന്നെത്തിയത്. പേര് വിളിച്ച് അഭിഷേകിനെ നിർത്തിയ ശേഷം ചിത്രത്തിനും കൈയൊപ്പിനും ആവശ്യപ്പെടുകയായിരുന്നു. ആരാധികയുടെ ആവേശം ശ്രദ്ധിച്ച താരം അവർക്കായി സമയം കണ്ടെത്തുകയും കൈത്തണ്ടയിൽ കൈയൊപ്പ് നൽകുകയും ചെയ്തു. എന്നാൽ തൊട്ടുമുന്നിൽ ഇന്ത്യയുടെ പ്രിയതാരത്തെ കണ്ടതിന്റെ അമ്പരപ്പ് ആരാധികയ്ക്ക് മറച്ചുവയ്ക്കാനായില്ല.
അഭിഷേക് കൈയൊപ്പ് നൽകുന്നതിനിടെ “ഒന്ന് തൊട്ടോട്ടെ?” എന്നാണ് യുവതി ചോദിച്ചത്. പിന്നാലെ താരം ശരിക്കും മുന്നിൽ തന്നെയുണ്ടെന്ന് ഉറപ്പാക്കുന്നതുപോലെ രണ്ടുമൂന്ന് തവണ വിരൽ കൊണ്ട് അദ്ദേഹത്തെ പതുക്കെ തൊടുകയും ചെയ്തു. പിന്നീട് ചിരിച്ചുകൊണ്ട് മുഖം മറച്ച ആരാധികയുടെ ആവേശവും സന്തോഷവും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
അഭിഷേക് ശാന്തമായി കൈയൊപ്പ് പൂർത്തിയാക്കി അവിടെനിന്ന് മടങ്ങി. എന്നാൽ താരത്തെ നേരിൽ കണ്ട ആരാധികയുടെ അമ്പരപ്പും ആവേശവും നിറഞ്ഞ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ നിരവധി പേരാണ് പ്രതികരിച്ചത്. പ്രിയതാരത്തെ നേരിൽ കാണുന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷമാണ് ആരാധികയുടെ മുഖത്ത് കാണാനാകുന്നതെന്നും താരത്തിന്റെ ലളിതമായ പെരുമാറ്റം ശ്രദ്ധേയമാണെന്നും ആരാധകർ പറയുന്നു.







Comments