
ഗൂഗിളിൽ ജോലി ചെയ്യുക എന്നത് പലരുടെയും സ്വപ്നമാണ്. മികച്ച ശമ്പളത്തിനും സൗജന്യ ഭക്ഷണത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമെ അവിടുത്തെ ജോലി അന്തരീക്ഷത്തെക്കുറിച്ചും വലിയ ചർച്ചകളാണ് നടക്കാറുള്ളത്. എന്നാൽ ഗൂഗിളിലെ തന്റെ ജോലി അനുഭവത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം മറ്റൊന്നാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹെമ എന്ന യുവതി. ഗൂഗിളിലെ സൗജന്യ ഭക്ഷണമോ മറ്റ് ആനുകൂല്യങ്ങളോ അല്ല, ഒപ്പം ജോലി ചെയ്യുന്ന ആളുകളാണ് തനിക്ക് ഏറ്റവും വലിയ പ്രത്യേകതയെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെ അവർ പറഞ്ഞു.
വളരെ കഴിവുള്ളവരും ബുദ്ധിമാന്മാരുമായ ആളുകൾക്കൊപ്പമാണ് ജോലി ചെയ്യുന്നതെങ്കിലും അവർ വളരെ എളിമയുള്ളവരും പരസ്പരം സഹകരിക്കുന്നവരുമാണെന്നാണ് ഹെമയുടെ അഭിപ്രായം. ഒരു ആഘോഷ പരിപാടി സംഘടിപ്പിക്കുന്നതായാലും വലിയൊരു പദ്ധതിയിൽ പ്രവർത്തിക്കുന്നതായാലും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരെക്കാൾ പിന്നിലായിപ്പോകുന്നുവെന്ന തോന്നൽ ഉണ്ടാക്കാതെ പരസ്പരം സഹായിക്കുകയും പഠിക്കാൻ അവസരം നൽകുകയും ചെയ്യുന്ന അന്തരീക്ഷമാണ് അവിടെയുള്ളതെന്നും യുവതി പറഞ്ഞു.
താൻ കൂടുതൽ സമയം ചെലവഴിക്കുന്ന ആളുകളുടെ സ്വഭാവവും ചിന്താഗതിയും ഒരാളുടെ വളർച്ചയെ സ്വാധീനിക്കുമെന്ന പൊതുവായ അഭിപ്രായവും ഹെമ പങ്കുവെച്ചു. കഴിവുള്ളവരും പ്രോത്സാഹിപ്പിക്കുന്നവരുമായ ആളുകൾക്കിടയിൽ കഴിയുമ്പോൾ സ്വാഭാവികമായും വ്യക്തിപരമായും തൊഴിൽപരമായും വളരാൻ സാധിക്കുമെന്ന് അവർ പറഞ്ഞു. അതുകൊണ്ടുതന്നെ ഗൂഗിളിലെ ജോലി തനിക്ക് കൂടുതൽ അർഥവത്താകുന്നത് അവിടെയുള്ള ആളുകൾ കാരണമാണെന്നും ഹെമ വ്യക്തമാക്കി.
തങ്ങളുടെ ലക്ഷ്യങ്ങൾക്കായി കഠിനാധ്വാനം ചെയ്യുന്നവരോടും ഹെമ ഒരു ഉപദേശം പങ്കുവെച്ചു. കഠിനാധ്വാനം തുടരുകയും മുന്നോട്ടുള്ള യാത്രയിൽ വിശ്വാസം പുലർത്തുകയും വളരാൻ പ്രചോദനം നൽകുന്ന ഒരു അന്തരീക്ഷം സ്വയം സൃഷ്ടിക്കുകയും വേണമെന്നാണ് അവരുടെ നിർദേശം. വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയതോടെ നിരവധി പേർ യുവതിയുടെ അഭിപ്രായത്തെ പിന്തുണച്ചു. എന്നാൽ ജോലി നഷ്ടപ്പെട്ടാൽ ഈ നല്ല അനുഭവത്തെക്കുറിച്ചുള്ള അഭിപ്രായം മാറിയേക്കാമെന്ന തരത്തിലുള്ള പ്രതികരണങ്ങളും ചിലർ പങ്കുവെച്ചു.







Comments