
തെറ്റായ ദിശയിലൂടെ ബൈക്കിലെത്തിയ യുവാവ് കാറിലുണ്ടായിരുന്ന ദമ്പതികളുമായി തർക്കിക്കുന്ന ദൃശ്യങ്ങളാണ് താനെയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ടീൻ ഹാത്ത് നാക്കയ്ക്ക് സമീപം ഒക്ടോബർ ആറിനാണ് സംഭവമെന്നാണ് റിപ്പോർട്ട്. 14 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെയാണ് ബൈക്ക് യാത്രക്കാരൻ തടഞ്ഞുനിർത്തി തർക്കിച്ചതെന്നാണ് ആരോപണം.
തെറ്റായ ദിശയിൽ നിന്ന് ബൈക്കിലെത്തിയ ഇയാൾ കാറിന്റെ വഴി തടഞ്ഞതോടെയാണ് തർക്കം ആരംഭിച്ചതെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നു. കാർ ഡ്രൈവർ തന്നെ ഇടിക്കാൻ ശ്രമിച്ചുവെന്ന് ഇയാൾ ആരോപിക്കുന്നതും വിഡിയോയിൽ കേൾക്കാം. പിന്നീട് കാറിന്റെ ജനലിനരികിലേക്ക് എത്തിയ ഇയാൾ ഡ്രൈവറുടെ അടുത്തേക്ക് കൈ നീട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ വാഹനത്തിനുള്ളിലുണ്ടായിരുന്ന കുഞ്ഞ് കരയുന്നതും കേൾക്കാം.
സംഭവം ചിത്രീകരിച്ച സ്ത്രീയുടെ ആരോപണം പ്രകാരം, വാഹനങ്ങൾ തിരിയുന്നതിനായി ഉപയോഗിക്കുന്ന ഭാഗത്തുകൂടിയാണ് ബൈക്ക് യാത്രക്കാരൻ തെറ്റായ ദിശയിൽ എത്തിയത്. വാഹനങ്ങളുടെ സഞ്ചാരം തടയാൻ അവിടെ തടസ്സങ്ങളും സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ച് എത്തിയ ഇയാൾ കാറിന്റെ വാതിലിൽ അടിക്കുകയും ഭർത്താവിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് യുവതി ആരോപിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും അവർ ആരോപിച്ചെങ്കിലും ഇക്കാര്യം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബൈക്ക് യാത്രക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. തെറ്റായ ദിശയിലൂടെ വാഹനമോടിച്ചതിനൊപ്പം കുടുംബത്തോട് ആക്രമണാത്മകമായി പെരുമാറിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ താനെ പോലീസും ഗതാഗത പോലീസും അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തിൽ അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.







Comments