
തെന്നിന്ത്യൻ സിനിമാ-ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ഡയാന ഹമീദ്. തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില് ചെറുതും വലുതുമായ വേഷങ്ങള് അവതരിപ്പിച്ച ഡയാന മിനിസ്ക്രീന് പ്രേക്ഷകര്ക്കും സുപരിചിതയാണ്. യുവം, വീകം, പാപ്പൻ, മകൾ, ടർക്കിഷ് തർക്കം, സൂപ്പർ സിന്ദഗി എന്നിങ്ങനെ ഒരുപാട് സിനിമകളില് ഡയാന അഭിനയിച്ചിട്ടുണ്ട്. അവതാരകയായും ഡയാന സദസ്സിന്റെ ഹൃദയം കീഴടക്കാറുണ്ട്. സോഷ്യല് മീഡിയയിലും സജീവമാണ് താരം.
ഇപ്പോഴിതാ ജനപ്രിയ നായകൻ ദിലീപിനൊപ്പം യുകെയിൽ നടന്ന ‘ദിലീപ് - നാദിർഷ ഷോ 2026’ സ്റ്റേജ് ഷോയിൽ വേദി പങ്കിട്ടതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ഡയാന. കുട്ടിക്കാലത്ത് ദിലീപിന്റെ ഒരുപാട് സിനിമകള് കണ്ടിട്ടുണ്ടെന്നും വലിപ്പചെറുപ്പമില്ലാതെ ചുറ്റുമുള്ളവരെ ചേര്ത്തു പിടിക്കുന്ന കലാകാരനാണ് ദിലീപെന്നും ഡയാന കുറിക്കുന്നു.
‘‘കുട്ടിക്കാലം മുതൽ റിപ്പീറ്റ് മോഡിൽ ഇരുന്നു കണ്ട ചിത്രങ്ങൾ ഒത്തിരി ഉണ്ട്. ഏതൊരു മലയാളിക്കും അതങ്ങനെ തന്നെ ആകും.
ചിരിപ്പിച്ചു രസിപ്പിച്ചും കരയിപ്പിച്ചും വെള്ളിത്തിരയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച കലാകാരൻ. വേദികളിൽ ആസ്വാദകരുടെ പള്സ് അറിഞ്ഞു, അവരിൽ ഒരാളായി നിന്ന്, വലിപ്പ ചെറുപ്പമില്ലാതെ ചുറ്റുമുള്ളവരെ ചേർത്ത് പിടിക്കുന്ന കലാകാരൻ...
ലണ്ടനിലെ ഹാരോയിൽ നടന്ന ‘ദിലീപ്-നാദിർ ഷോ 2026’- ൽ നിന്നുള്ള ഒരു നിമിഷം നിങ്ങളുമായി പങ്കുവെക്കുന്നു....’’ എന്നാണ് ദിലീപിനൊപ്പമുള്ള സ്റ്റേജ് പ്രോഗ്രാമിലെ ചിത്രം പങ്കിട്ട് ഡയാന ഹമീദ് കുറിച്ചത്. വേദിയില് രണ്ടാളും ഒരുമിച്ച് ഡാന്സ് ചെയ്യുന്നതാണ് ചിത്രത്തില് കാണുന്നത്. ദിലീപിനും നാദിർഷയ്ക്കുമൊപ്പം യുകെയിലെ വിവിധ വേദികളില് ഡയാന ഈ ഷോയുടെ ഭാഗമായി തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. ഇതിനു മുൻപും ദിലീപിനൊപ്പം ദോഹയിൽ നടന്ന സ്റ്റേജ് ഷോയിൽ ഡയാനയും നിഖില വിമലും ഒന്നിച്ചവതരിപ്പിച്ച നൃത്തം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരുന്നു.
ജഗന് ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ‘നീക്ക’മാണ് ദിലീപിന്റേതായി ആരാധകര്ക്ക് മുന്നിലെത്താനിരിക്കുന്ന ചിത്രം. ദിലീപിന്റെ കരിയറിലെ 152-ാമത്തെ ചിത്രമാണ് ഇത്. ഉർവ്വശി തീയറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷന്സ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, അലക്സ് ഇ കുര്യൻ എന്നിവർ ചേര്ന്നാണ് ഈ ചിത്രം നിര്മ്മിക്കുന്നത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള സഞ്ചാരമാണ് ഇതെന്നാണ് സൂചന.







Comments