
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചെന്നാരോപിച്ച് ഡൽഹിയിലെ കണാട്ട് പ്ലേസിൽ വെച്ച് ഒരു യുവാവിനെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു. താൻ കശ്മീർ സ്വദേശിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നുവെന്നും വ്യക്തമാക്കിയ യുവാവിനെ, അദ്ദേഹത്തിന്റെ പരാമർശങ്ങളെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവെക്കുകയായിരുന്നു.
താൻ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമുള്ളയാളല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്നും യുവാവ് പറഞ്ഞു. "ഇതെന്റെ ഉത്തരവാദിത്തമാണ്, ഈ രാജ്യം നേപ്പാളോ ബംഗ്ലാദേശോ പോലെയാകാൻ ഞാൻ അനുവദിക്കില്ല," മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സംസാരിക്കുന്നതിനിടെ യുവാവ് പൊട്ടിക്കരഞ്ഞു. തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. "പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ വോട്ട് മോഷണം നടക്കുന്നില്ലേ?." "കോൺഗ്രസാണ് ഇ.വി.എം കൊണ്ടുവന്നത്. എനിക്ക് ഒരു പാർട്ടിയുമായും ബന്ധമില്ല. ഞാൻ പ്രധാനമന്ത്രിയുടെ ഒരു ആരാധകനാണ്."എന്നും അദ്ദേഹം പറഞ്ഞു.
ഫഹീം നസീർ എന്നാണ് ഈ യുവാവിനെ തിരിച്ചറിഞ്ഞിട്ടുള്ളത്. ലഭിച്ച വിവരമനുസരിച്ച്, മർദ്ദനത്തിന് ഇരയാകുന്നതിന് മുമ്പ് ഇയാൾ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു.







Comments