
സ്റ്റോക്ക്ഹോം: 2026 ലെ സാഹിത്യത്തിനുള്ള നൊബേല് പുരസ്കാരം കനേഡിയന് എഴുത്തുകാരി ആന് കാഴ്സന്. സാഹിത്യത്തിലെ ക്ലാസിക്കല് ശൈലിയോടു ചേര്ന്നു നില്ക്കുമ്പോള്ത്തന്നെ, സമകാലിക സാഹിത്യത്തിന് പുതിയ ഭാവതലങ്ങള് സമ്മാനിച്ച ധീരവും വൈവിധ്യമാര്ന്നതുമായ എഴുത്താണ് പരമോന്നത പുരസ്കാരത്തിന് അവരെ അര്ഹയാക്കിയത്. കവി, പണ്ഡിത, വിവര്ത്തക, അധ്യാപിക, ഉപന്യാസക... തുടങ്ങി കനേഡിയന് സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയാണ് എഴുപത്തിയാറുകാരിയായ ആന് പട്രീഷ്യ കാഴ്സണ്. സാഹിത്യത്തിന് നല്കിയ അതുല്യമായ സംഭാവനകള് മാനിച്ചുകൊണ്ട് കനേഡിയന് സര്ക്കാര് 'മെമ്പര് ഓഫ് ഓര്ഡര് ഓഫ് കാനഡ' ബഹുമതി നല്കി ആദരിച്ചിട്ടുണ്ട്.
പുരാതന ഗ്രീക്ക് പുരാവൃത്തങ്ങളെ ആധുനികവും സാഹിത്യശാഖകളുടെ പരമ്പരാഗത അതിര്വരമ്പുകള് ഭേദിക്കുന്നതുമായ എഴുത്തുരീതികളുമായി സംയോജിപ്പിക്കുന്നതില് പ്രമുഖയാണ് ആന്. 1950 ജൂണ് 21 ന് കാനഡയിലെ ടൊറന്റോയില് ജനനം. ബാങ്കറായ റോബര്ട്ട് കാഴ്സനായിരുന്നു പിതാവ്. അദ്ദേഹത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട് പല നഗരങ്ങളിലായിരുന്നു ആനിന്റെ കുട്ടിക്കാലം. ഹൈസ്കൂളില് പഠിക്കുമ്പോള് ലാറ്റിന് പഠിപ്പിച്ചിരുന്ന അധ്യാപകനാണ് ആനില് ഗ്രീക്ക് സാഹിത്യത്തോടുള്ള താല്പര്യം വളര്ത്തിയത്. അതാണ് പില്ക്കാലത്ത് അവരുടെ എഴുത്തിനെ സ്വാധീനിച്ചത്.
ഹൈസ്കൂളിനുശേഷം ടൊറന്റോ സര്വകലാശാലയില്നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പി.എച്ച്ഡിയും നേടി. സ്കോട്ട്ലന്ഡിലെ സെന്റ് ആന്ഡ്രൂസ് സര്വകലാശാലയില് ഗ്രീക്ക് വിമര്ശനപദ്ധതിയെയും കവിതയെപ്പറ്റിയുള്ള കോഴ്സും ചെയ്തു.
1986-ല് പ്രസിദ്ധീകരിച്ച ഇറോസ് ദ് ബിറ്റര്സ്വീറ്റ് ആണ് ആദ്യത്തെ പ്രധാന കൃതി. പുരാതന ഗ്രീക്ക് തത്വചിന്തയെ ആധുനികതയുമായി ഇഴചേര്ത്ത ഈ കൃതി അക്കാദമിക് പഠനവും സാഹിത്യരചനയും ഒരുമിച്ചുചേര്ക്കുന്ന കാഴ്സന് രചനാശൈലിക്ക് തുടക്കമിട്ടു. 1987-ല് പ്രസിദ്ധീകരിച്ച ാസ്, ഐറണി ആന്ഡ് ഗോഡ് അടക്കമുള്ള കൃതികളിലൂടെ കവി എന്ന നിലയില് ആന് സ്വയം അടയാളപ്പെടുത്തി. ഗ്രീക്ക്, ലാറ്റിന് ഇതിഹാസങ്ങളെയും മഹാരഥരായ എഴുത്തുകാരുടെ രചനകളെയും ആന് വിവര്ത്തനം ചെയ്തിട്ടുണ്ട്.
എസ്കിലസ്, യൂറിപ്പിഡീസ്, ഹോമര്, സാഫോ, സോഫോക്ലീസ് തുടങ്ങിയ എഴുത്തുകാരെ ആന് പരിഭാഷപ്പെടുത്തുകയും പുതിയ കാലത്തിന്റെ പശ്ചാത്തലത്തില് ആ രചനകളെ പുനര്വായിക്കുകയും ചെയ്തു. 2025 ല് കനേഡിയന് ഇന്ഡി റോക്ക് ബാന്ഡായ റിയോസ്റ്റാറ്റിക്സ് പുറത്തിറക്കിയ ദ് ഗ്രേറ്റ് ലേക്സ് സ്യൂട്ട് എന്ന ആല്ബത്തിലും ആന് കാഴ്സന് പങ്കാളിയായി. പ്രിന്സ്റ്റനടക്കമുള്ള സര്വകലാശാലകളില് അധ്യാപികയുമായി. കൈന്ഡ്സ് ഓഫ് വാട്ടര്, ഇറോസ് ദ് ബിറ്റര്സ്വീറ്റ്, ഷോര്ട്ട് ടോക്സ്, ാസ്, ഐറണി ആന്ഡ് ഗോഡ്, ഓട്ടോബയോഗ്രഫി ഓഫ് റെഡ്, ദ് ബ്യൂട്ടി ഓഫ് ദ് ഹസ്ബന്ഡ് തുടങ്ങിയവയാണ് പ്രധാന കൃതികള്.



Comments