
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ ഒരു ദിവസം പൂർണമായും ഇന്റർനെറ്റ് തടസ്സപ്പെടും. ജനപഥ്-കർത്തവ്യ പഥ് ക്രോസിംഗിന്റെ 4 കിലോമീറ്റർ ചുറ്റളവിൽ വെള്ളിയാഴ്ച രാത്രി 10 മണി മുതൽ 24 മണിക്കൂർ നേരത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കാൻ ഡൽഹി പോലീസ് ഉത്തരവിട്ടു.
ജന്തർ മന്തറിനു ചുറ്റും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കാനുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തര സെക്രട്ടറി പരിഗണിച്ചിട്ടുണ്ട്. ഇതനുസരിച്ച്, ജനപഥ്-കർത്തവ്യ പഥ് ക്രോസിംഗിൽ നിന്ന് 4 കിലോമീറ്റർ ചുറ്റളവിൽ 09/10/2026 രാത്രി 2200 മണി മുതൽ 10/10/2026 രാത്രി 2200 മണി വരെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ (എല്ലാ സാങ്കേതികവിദ്യകളും) നിർത്തലാക്കുന്നു... അതിനാൽ മുകളിൽ പറഞ്ഞ ഉത്തരവ് ഉടൻ നടപ്പിലാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്ന് പൊലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് എയർടെൽ, വോഡഫോൺ-ഐഡിയ, ജിയോ, എം.ടി.എൻ.എൽ എന്നിവർക്ക് അയച്ച ഉത്തരവിൽ പറയുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജന്തർ മന്തറിൽ സിജെപി നടത്തിയ പ്രതിഷേധ സമയത്ത് ദിവസങ്ങളോളം ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരുന്നു. അന്ന് 1.5 കിലോമീറ്റർ മാത്രമായിരുന്നിട്ടും പ്രധാന മാധ്യമങ്ങളുടെ റിപ്പോർട്ടിംഗിനെപ്പോലും ഇത് വൈകിപ്പിച്ചിരുന്നു.
കണാട്ട് പ്ലേസ്, മണ്ഡി ഹൗസ്, പ്രഗതി മൈതാൻ, ഗുരുദ്വാര ബംഗ്ലാ സാഹിബ്, ബരാഖംബ റോഡ്, ഖാൻ മാർക്കറ്റ്, ലോധിറോഡ്, ജംഗ്പുര എന്നീ സ്ഥലങ്ങളിൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെടും. രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, കശ്മീരി ഗേറ്റ് എന്നിവയുൾപ്പെടെ 57 ഡൽഹി മെട്രോ സ്റ്റേഷനുകളിലെ എൻട്രി, എക്സിറ്റ് ഗേറ്റുകൾ വെള്ളിയാഴ്ച രാത്രി 9 മണി മുതൽ അടച്ചിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കൂടാതെ മറ്റ് സംസ്ഥാനങ്ങളിലെ സ്റ്റേഷനുകളിൽ നിന്ന് ശനിയാഴ്ച പുലർച്ചെ 4 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയിൽ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ എത്തേണ്ടിയിരുന്ന 60-ലധികം ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.







Comments