റിയാദ്: തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനും സൗദിയ എയര്ലൈന്സ് വിമാനത്തിനും നേരേ ഹൂതികള് നടത്തിയ ആക്രമണത്തില് മൂന്ന് സൗദി പൗരന്മാര് കൊല്ലപ്പെട്ടതായി സൗദി അറേബ്യ. കൊല്ലപ്പെട്ടവരില് സൗദിയ എയര്ലൈന്സ് പൈലറ്റ് ഹമൂദ് അലി അല്-കല്താമിയും. ആക്രമണത്തില് വിവിധ രാജ്യക്കാരായ ഒട്ടേറെപ്പേര്ക്ക് പരുക്കേറ്റതായി സിവില് ഏവിയേഷന് അതോറിറ്റി അറിയിച്ചു.
ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള യെമനിലെയും ചെങ്കടല് മേഖലയിലെയും പ്രദേശങ്ങള് തിരിച്ചുപിടിക്കാന് സൗദി സഖ്യസേനയും യെമനി ഭരണകൂടവും സംയുക്ത പ്രത്യാക്രമണം ആരംഭിച്ചശേഷമുള്ള ഏറ്റവും മാരകമായ തിരിച്ചടിയാണ് വ്യാഴാഴ്ചയുണ്ടായത്. ആക്രമണത്തോടെ വ്യോമഗതാഗതത്തില് നിയന്ത്രണം വന്നെങ്കിലും പിന്നീട് വിമാനത്താവളത്തിന്റെ പ്രവര്ത്തനങ്ങളും വ്യോമഗതാഗതവും സാധാരണ നിലയിലായി.
വ്യാഴാഴ്ച ഹൂതികള് രണ്ട് ആക്രമണങ്ങളാണ് നടത്തിയതെന്ന് സൗദി അറേബ്യയുടെ ജനറല് അതോറിറ്റി ഓഫ് സിവില് ഏവിയേഷന് പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു. ആദ്യ ആക്രമണം വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു. രണ്ടാമത്തേത് സൗദിയ എയര്ലൈന്സിന്റെ വിമാനത്തെയും. യാത്രക്കാരില്ലാതെ ഗ്രൗണ്ടില് നിര്ത്തിയിട്ടിരുന്ന വിമാനത്തിന് കേടുപാടുകള് സംഭവിച്ചതായി സൗദി ഗ്രൂപ്പ് പ്രസ്താവനയില് സ്ഥിരീകരിച്ചു. ബാലസ്റ്റിക് മിസൈല് ഉപയോഗിച്ച് വിമാനത്താവളത്ത ലക്ഷ്യമിട്ടെന്ന് യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതികള് അവകാശപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്ട്ട് ചെയ്തു. തെക്കുപടിഞ്ഞാറന് നഗരമായ നജ്റാനിലെ വിമാനത്താവളത്തെയും ലക്ഷ്യമിട്ടതായി ഹൂതികള് അവകാശപ്പെട്ടെങ്കിലും സൗദി അധികൃതര് ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു.
അതേസമയം, വിമതര് പിടിച്ചെടുത്ത പ്രദേശങ്ങള് മുഴുവന് യെമന് സര്ക്കാര് തിരിച്ചുപിടിക്കുന്നതുവരെ ഹൂതികളുമായുള്ള വെടിനിര്ത്തലിന് സൗദി തയാറാകില്ലെന്നാണ് വാര്ത്ത. ഹൂതികളുടെ 'സൈനിക ഭീഷണിക്ക്' വഴങ്ങില്ലെന്ന് സൗദി വ്യക്തമാക്കിയതായി പേര് വെളിപ്പെടുത്താന് ആഗ്രഹിക്കാത്ത വൃത്തങ്ങള് കൂട്ടിച്ചേര്ത്തു.
ഹൂതി വിമതര്ക്കെതിരായ നീക്കത്തില് യെമന് സര്ക്കാരിനെ പിന്തുണയ്ക്കാന് 100 യുദ്ധവിമാനങ്ങള് വിന്യസിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. ബാബ് അല്-മന്ദേബ് കടലിടുക്കിന്റെ നിയന്ത്രണം പൂര്ണമായും കൈപ്പിടിയിലൊതുക്കിയതായി യെമന് സേന അറിയിച്ചെന്ന് വാര്ത്താവിനിമയ മന്ത്രി മൊഅമ്മര് അല്-എര്യാനിയെ ഉദ്ധരിച്ച് റോയിട്ടേഴ്സും റിപ്പോര്ട്ട് ചെയ്തു.
ഈ മാസം അഞ്ചിന് യെമനിലെ ഔദ്യോഗിക വാര്ത്താ ഏജന്സിയായ 'സബ' ഹൂതികളുടെ മുന്നറിയിപ്പ് വാര്ത്തയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ആക്രമണങ്ങളുണ്ടായത്.



Comments