
ന്യൂഡൽഹി: 20,000 സിജെപി പ്രതിഷേധക്കാരെ നേരിടാൻ 35,000 പേരുള്ള ശക്തമായ സുരക്ഷാസേനയാണ് ഡൽഹിയിൽ തയ്യാറായി നിൽക്കുന്നത്. ഗ്യാനേഷ് കുമാറിനെരെയുള്ള പ്രതിഷേധത്തെ നേരിടാൻ ഡൽഹി പൊലീസിന്റെ സുരക്ഷാ പദ്ധതിയിൽ ബോഡി ക്യാമറകളും ഡ്രോണുകളും സുരക്ഷാ ക്യാമറകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 600 പേരെ പൊലീസ് കസ്റ്റഡിയിലാക്കിയിട്ടുണ്ട്.
റോഡ് തടസ്സങ്ങൾ, മുൻകരുതൽ അറസ്റ്റുകൾ, ഗതാഗത നിയന്ത്രണങ്ങൾ എന്നിവയും സുരക്ഷാ നടപടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്ന അവസരത്തിൽ ഉപയോഗിക്കാനായി 600 ബസുകളും 25 ക്രെയിനുകളും ഡൽഹിയിൽ സജ്ജീകരിച്ചിട്ടുണ്ട്. മെട്രോ സർവീസുകൾ, മാർക്കറ്റുകൾ, ഗതാഗതം എന്നിവയും ബാധിക്കപ്പെടും.
ജന്തർ മന്തറിന്റെ 4 കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും. ഒക്ടോബർ 9, 10 തീയതികളിൽ നഗരത്തിലെ മദ്യവിൽപനശാലകൾ അടച്ചിടാൻ ഉത്തരവിട്ടു. കണാട്ട് പ്ലേസിലെ മാർക്കറ്റുകൾ, ഓഫീസുകൾ, റെസ്റ്റോറന്റുകൾ മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. കണാട്ട് പ്ലേസ്, സദർ ബസാർ, കരോൾ ബാഗ്, ചന്ദ്നി ചൗക്ക് എന്നിവിടങ്ങളിലെ മാർക്കറ്റ് അസോസിയേഷനുകൾ ഒക്ടോബർ 10-ന് കടകൾ അടച്ചിടുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിഷേധക്കാർ ജന്തർ മന്തറിൽ എത്താതിരിക്കാൻ നഗരത്തിലുടനീളം 30 ൽ അധികം ചെക്ക്പോസ്റ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. ഓരോ പോയിന്റിലും ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെയും അതേ ജില്ലയിലെ ഉദ്യോഗസ്ഥരെയും വിന്യസിക്കും. ഡൽഹിയിലുടനീളം ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ഉൾപ്പെടെ ഏകദേശം 35,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യമിച്ചിട്ടുണ്ട്. യുപിയിൽ നിന്നുള്ള 25 വനിതാ പൊലീസുകാർ ഉൾപ്പെടെ പുറത്തുനിന്നുള്ള വനിതാ സേനാംഗങ്ങളെയും ആവശ്യപ്പെട്ടിട്ടുണ്ട്.
ജന്തർ മന്തറിലേക്കുള്ള റോഡുകൾ അടയ്ക്കും. ജൂലൈ 20-ലെ മുൻ പ്രതിഷേധത്തിനിടയിൽ അക്രമം, കല്ലേറ്, ഏറ്റുമുട്ടലുകൾ എന്നിവ ഉണ്ടായ അശോക റോഡ്, ടോൾസ്റ്റോയ് മാർഗ്, ജന്തർമന്ദർ ലെയ്ൻ തുടങ്ങിയ സ്ഥലങ്ങൾ പൊലീസ് കണ്ടെത്തുകയും മാപ്പ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി ഈ ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രാരംഭ സുരക്ഷാ വലയം ഭേദിച്ച് പ്രതിഷേധക്കാർ നിയന്ത്രിത പ്രദേശങ്ങളിലേക്ക് മുന്നേറാൻ ശ്രമിച്ചാൽ അവരുടെ വേഗത കുറയ്ക്കുന്നതിനായി ബാരിക്കേഡുകൾ ജിഗ്സാഗ് പാറ്റേണിലാണ് സ്ഥാപിച്ചിരിക്കുന്നത്.
അതിർത്തികളിലും ചെക്ക്പോസ്റ്റുകളിലും വെച്ച് കസ്റ്റഡിയിലെടുക്കുന്ന പ്രതിഷേധക്കാരെ പാർപ്പിക്കുന്നതിനായി സ്റ്റേഡിയങ്ങൾ, കമ്മ്യൂണിറ്റി സെന്ററുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവ സജ്ജീകരിച്ചുവരുന്നു. ഡൽഹി പൊലീസിലെ എല്ലാ റാങ്കുകളിലുമുള്ള ഉദ്യോഗസ്ഥരുടെയും അവധി ഒക്ടോബർ 8 മുതൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ റദ്ദാക്കിയിരിക്കുന്നു. സുരക്ഷയ്ക്കും ആൾക്കൂട്ട നിയന്ത്രണത്തിനുമായി സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിനെ (CAPF) വിന്യമിച്ചിട്ടുണ്ട്.
പഴയ അക്രമങ്ങളുടെ ദൃശ്യങ്ങൾ പുതിയ സംഭവങ്ങളാണെന്ന് കാണിച്ച് പ്രചരിപ്പിച്ച മൂന്ന് പോസ്റ്റുകൾ ഇതുവരെ കണ്ടെത്തി. മുൻ പ്രതിഷേധത്തിനിടയിൽ പൊലീസ് സമാനമായ 56 പോസ്റ്റുകൾ ഫാക്ട്-ചെക്ക് ചെയ്തിരുന്നു.







Comments