
റോഡരികിലെ ഒരു ചെറിയ കുഴിയിലൂടെ ഇഴഞ്ഞിറങ്ങി വീട്ടിലേക്ക് പ്രവേശിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ തിരക്കേറിയ ഹൈവേയ്ക്ക് അടിയിലുള്ള തുരങ്കത്തിലാണ് ഇവർ ഉൾപ്പെടെ നൂറോളം കുടുംബങ്ങൾ താമസിക്കുന്നത്. ഭൂമിക്കടിയിലെ ഇരുണ്ടതും ഇടുങ്ങിയതുമായ തുരങ്കത്തിനുള്ളിൽ കുടുംബങ്ങൾ കഴിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇവിടുത്തെ ജീവിതസാഹചര്യങ്ങൾ ചർച്ചയാകുന്നത്. വീഡിയോ നിർമാണ കമ്പനിയായ ഡോക്യുസ്ഫിയർ നെറ്റാണ് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ഹൈവേയുടെ വശത്തുള്ള ചെറിയൊരു തുറസ്സിലൂടെ കുനിഞ്ഞും ഇഴഞ്ഞും പുറത്തേക്ക് വരുന്ന സ്ത്രീയെ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഏകദേശം 100 മീറ്റർ നീളമുള്ള തുരങ്കത്തിനുള്ളിൽ മാലിന്യങ്ങളും കുരുങ്ങിക്കിടക്കുന്ന വൈദ്യുതക്കമ്പികളും എലികളും പാറ്റകളും നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്. വായുസഞ്ചാരം കുറവായതിനാൽ ചൂടും ഇരുട്ടും സഹിച്ചാണ് കുടുംബങ്ങൾ ഇവിടെ കഴിയുന്നത്. തുരങ്കത്തിന് മുകളിലൂടെ വാഹനങ്ങൾ നിരന്തരം കടന്നുപോകുന്നതിനാൽ വലിയ ശബ്ദവും ഇവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്.
യാത്രാ വ്ലോഗറും യൂട്യൂബറുമായ ഡ്രൂ 'ബിൻസ്കി' ഗോൾഡ്ബെർഗ് ഈ വർഷം തുരങ്കം സന്ദർശിച്ച് ഇവിടുത്തെ താമസക്കാരുടെ ജീവിതം പകർത്തിയിരുന്നു. എന്തുകൊണ്ടാണ് ഇത്തരമൊരു സ്ഥലത്ത് താമസിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഉയർന്ന വാടകയാണ് പ്രധാന കാരണമായി പലരും ചൂണ്ടിക്കാട്ടിയത്. മെച്ചപ്പെട്ട ജോലിയും വരുമാനവും ലഭിക്കുമ്പോൾ മറ്റൊരു വീട്ടിലേക്ക് മാറാനാണ് ചിലർ ആഗ്രഹിക്കുന്നത്. എന്നാൽ വരുമാനമുണ്ടായിട്ടും തുരങ്കത്തിൽ തുടരുന്ന കുടുംബങ്ങളുമുണ്ടെന്ന് മുൻ താമസക്കാരനും ഗോൾഡ്ബെർഗിന്റെ വഴികാട്ടിയുമായ എഡ്വിൻ പറഞ്ഞു.
മഴക്കാലത്ത് തുരങ്കത്തിനുള്ളിലേക്ക് വെള്ളം കയറുന്നതും താമസക്കാർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ശക്തമായ മഴ പെയ്യുമ്പോൾ വെള്ളം ഇരച്ചെത്തുന്നതിനാൽ ഉടൻ പുറത്തേക്ക് മാറേണ്ടിവരാറുണ്ട്. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് തുരങ്കത്തിനുള്ളിലെ മിക്ക മുറികളും നിർമിച്ചിരിക്കുന്നത്. ഇത്രയേറെ പരിമിതികൾക്കിടയിലും തങ്ങൾ സന്തോഷത്തോടെ കഴിയുകയാണെന്ന് ഒരു താമസക്കാരൻ ഗോൾഡ്ബെർഗിനോട് പറഞ്ഞിരുന്നു. ഉയർന്ന വാടകയും നഗരജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം വീടെന്ന അടിസ്ഥാന ആവശ്യത്തിനായി ആളുകൾക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികളിലേക്കാണ് ഈ ദൃശ്യങ്ങൾ ശ്രദ്ധ ക്ഷണിക്കുന്നത്.







Comments