
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയും ആം ആദ്മി പാർട്ടി തലവൻ അരവിന്ദ് കെജ്രിവാളിന്റെ അനുയായികളും ചേർന്ന് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബീൻ ശനിയാഴ്ച ആരോപിച്ചു. വിദേശ ശക്തികളുടെ താല്പര്യപ്രകാരമാണ് അവർ തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
ഈ സാഹചര്യം "വളരെ അപകടകരവും ഗൗരവമേറിയതുമാണ്" എന്ന് വിശേഷിപ്പിച്ച നബീൻ, രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ രണ്ട് വിഭാഗങ്ങൾ മത്സരിക്കുകയാണെന്നും ആരോപിച്ചു. ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് ബിജെപി അധ്യക്ഷൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മുന്നണിയും സിജെപിയും രണ്ട് അരാജക ഗ്രൂപ്പുകളാണെന്നു പറഞ്ഞ അദ്ദേഹം, ജനങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടവരാണ് ഇവരെന്നും, ജനങ്ങളുടെ വിധി അംഗീകരിക്കുന്നതിന് പകരം രാജ്യത്തിന്റെ സ്ഥിരത തകർക്കാൻ ഇവർ ഗൂഢാലോചന നടത്തുകയാണെന്നും നബീൻ അവകാശപ്പെട്ടു.
വിദേശ ശക്തികളുടെ നിർദ്ദേശപ്രകാരമാണ് ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതെന്നും ബിജെപി പ്രസിഡന്റ് ആരോപിച്ചു. എങ്കിലും, പ്രസ്താവനയിൽ ആരോപിക്കപ്പെടുന്ന വിദേശ ശക്തികൾ ആരൊക്കെയെന്ന് അദ്ദേഹം വ്യക്തമാക്കുകയോ അതിനുള്ള തെളിവുകൾ നൽകുകയോ ചെയ്തിട്ടില്ല. ഇന്ത്യയുടെ വളർച്ചയും പുരോഗതിയുമൊന്നും അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. സ്വയംപര്യാപ്തവും ശക്തവുമായ ഒരു രാഷ്ട്രമായി ഇന്ത്യ മുന്നേറുന്നത് കാണാൻ സാധിക്കുന്നില്ല എന്നും പറഞ്ഞ അദ്ദേഹം, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താൻ മാത്രം ഇന്ത്യൻ ജനാധിപത്യം ശക്തമാണെന്നും കൂട്ടിച്ചേർത്തു.







Comments