
ന്യൂഡല്ഹി: പ്രതിപക്ഷ നിരയിലെ നാല് മുന് മുഖ്യമന്ത്രിമാര് ഡല്ഹിയില് കസ്റ്റഡിയില്; ജന്തര് മന്തര് പ്രതിഷേധത്തിനിടെ പോലീസ് നടപടി .ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ തലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങള്ക്കുനേരെയുണ്ടായ പോലീസ് നടപടിക്കിടെ പ്രതിപക്ഷ നിരയിലെ നാല് മുന് മുഖ്യമന്ത്രിമാര് ശനിയാഴ്ച കസ്റ്റഡിയിലായത്.
ബംഗാള് മുന് മുഖ്യമന്ത്രി മമത ബാനര്ജി, ഡല്ഹി മുന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, കേരള മുന് മുഖ്യമന്ത്രി പിണറായി വിജയന്, മുന് ത്രിപുര മുഖ്യമന്ത്രി മണിക് സര്ക്കാര് എന്നിവരാണ് കോക്ക്റോച്ച് ജനതാ പാര്ട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധത്തില് പങ്കെടുക്കാന് ശ്രമിക്കവെ കസ്റ്റഡിയിലായത്.പോലീസ് തടഞ്ഞതിനെ തുടര്ന്ന് സെന്ട്രല് ഡല്ഹിയിലെ സൗത്ത് അവന്യൂവിലുള്ള ബസ് സ്റ്റാന്ഡില് കുത്തിയിരുന്ന് പ്രതിഷേധിച്ച തൃണമൂല് കോണ്ഗ്രസ് അധ്യക്ഷയെ നിരവധി എം.പിമാര്ക്കൊപ്പമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മമത ബാനര്ജിയെയും ഡെറക് ഒബ്രയാന്, ഡോള സെന് എന്നിവരുള്പ്പെടെയുള്ള പാര്ട്ടിയിലെ അഞ്ച് എം.പിമാരെയും കസ്റ്റഡിയിലെടുത്ത് പോലീസ് ബസില് കൊണ്ടുപോയി. വായില് ബാന്റ് എയ്ഡ് ഒട്ടിച്ചാണ് മമത ബാനര്ജി പ്രതിഷേധത്തില് പങ്കെടുത്തത്.ജന്തര് മന്തറിലെ പ്രതിഷേധത്തില് പങ്കെടുക്കാന് ശ്രമിച്ച മറ്റ് നിരവധി പ്രതിപക്ഷ നേതാക്കളെയും വിദ്യാര്ത്ഥി നേതാക്കളെയും കസ്റ്റഡിയിലെടുത്തു. രാവിലെ മുതല് അരവിന്ദ് കെജ്രിവാളിന്റെ വസതി ഡല്ഹി പോലീസ് വളഞ്ഞിരുന്നു. പ്രതിഷേധത്തില് പങ്കെടുക്കാന് വീട്ടില് നിന്ന് പുറത്തിറങ്ങാന് ശ്രമിക്കവേയാണ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലായ ശേഷം നല്കിയ വീഡിയോ സന്ദേശത്തില്, രാജ്യത്തെ യുവാക്കള് ഈ അടിച്ചമര്ത്തലില് ഭയപ്പെടില്ലെന്ന് കെജ്രിവാള് പറഞ്ഞു.കേരള മുന് മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം എം.പി ജോണ് ബ്രിട്ടാസിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ഛത്രസാല് സ്റ്റേഡിയത്തിലെ തടങ്കല് കേന്ദ്രത്തിലേക്ക് മാറ്റി. ഇവര്ക്കൊപ്പം മണിക് സര്ക്കാറിനെയും പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തു.







Comments