
കൊച്ചി: നെടുമ്പാശേരിയില് മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപടകത്തില് ഡ്രൈവര് സുഹൈല് സജീവിന് മദ്യം നല്കിയ ബാറുകള്ക്ക് എതിരെ നടപടിയുമായി എക്സൈസ് വകുപ്പ്. സുഹൈല് മദ്യം കഴിച്ച എറണാകുളത്തെ മൂന്ന് പ്രമുഖ ബാറുകള്ക്കെതിരെ എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് കേസെടുത്തത്.
19 വയസ്സുകാരന് മദ്യം വിതരണം ചെയ്തു എന്ന കുറ്റമാണ് ബാറുകള്ക്കെതിരെ ചുമത്തിയിട്ടുളളത്. ഈ ബാറുകളുടെ ലൈസന്സ് റദ്ദാക്കാനോ കനത്ത പിഴ ചുമത്താനോ ആണ് എക്സൈസ് നീക്കം.
അപകടത്തിനിടയാക്കിയ കാര് ഓടിച്ചത് 150 കിലോമീറ്ററിലധികം വേഗതയിലാണെന്ന് പ്രതി സുഹൈല് മൊഴി നല്കി. അപകട സമയത്തെ വേഗതയറിയാന് മിനി കൂപ്പര് സര്വീസ് സെന്ററിലെ വിദഗ്ധര് പരിശോധന നടത്തും.
അതേസമയം സുഹൈലിന്റെ ലൈസന്സ് സസ്പെന്ഡ് ചെയ്യാനുളള നടപടികള് എംവിഡി ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ രണ്ട് സുഹൃത്തുകളെ കൂടി പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അമീര്, ജോയല് എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് അമിതവേഗതയില് വാഹനം ഓടിച്ചിട്ടും തടയാത്തതിന് ഇവര്ക്കെതിരെ കേസെടുക്കും. കഴിഞ്ഞദിവസം മറ്റൊരു സുഹൃത്തായ നിനവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അപകട സമയത്ത് നാലുപേരാണ് കാറില് ഉണ്ടായിരുന്നത്.







Comments