
തിരക്കും ഗതാഗതക്കുരുക്കും വായുമലിനീകരണവും കൊണ്ട് പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന മുംബൈയെക്കുറിച്ച് വ്യത്യസ്തമായ അനുഭവം പങ്കുവെച്ച് വിദേശി. നഗരത്തിലെ പച്ചപ്പും പ്രതീക്ഷിച്ചതിലും ശുദ്ധമായ വായുവും തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ടൂക്കോ എന്ന വ്യക്തി പറയുന്നത്. മുംബൈയെക്കുറിച്ചുള്ള പൊതുവായ ധാരണകളിൽനിന്ന് വ്യത്യസ്തമായ അനുഭവം പങ്കുവെച്ചതോടെ അദ്ദേഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ഫിൻലൻഡിൽനിന്നുള്ള ടൂക്കോയും കുടുംബവും ഇപ്പോൾ മുംബൈയിലാണ് താമസിക്കുന്നത്. നഗരത്തിലെ പച്ചപ്പിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തന്റെ അനുഭവം വിവരിച്ചത്. മുംബൈയെക്കുറിച്ച് ആളുകൾക്കുള്ള പ്രതീക്ഷകളുമായി താരതമ്യം ചെയ്യുമ്പോൾ നഗരത്തിലെ പച്ചപ്പ് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. അന്നത്തെ ദിവസം വായു പ്രതീക്ഷിച്ചതിലും ശുദ്ധമായി അനുഭവപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
നഗരം വൃത്തിയായി സൂക്ഷിക്കുന്നതിനും പൊതുസ്ഥലങ്ങൾ പരിപാലിക്കുന്നതിനും പച്ചപ്പ് സംരക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുന്നവരുടെ ശ്രമങ്ങളെയും ടൂക്കോ പ്രശംസിച്ചു. തെരുവുകൾ വൃത്തിയാക്കുന്ന തൊഴിലാളികളെയും പൊതുസ്ഥലങ്ങൾ പരിപാലിക്കുന്നവരെയും നഗരത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പരിശ്രമിക്കുന്നവരെയും തങ്ങൾ പതിവായി കാണാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വലിയൊരു നഗരത്തെ പരിപാലിക്കാൻ എത്രമാത്രം അധ്വാനം ആവശ്യമാണെന്ന് ആളുകൾ തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, മുംബൈയിൽ വായുമലിനീകരണം, ഗതാഗതക്കുരുക്ക്, അസമത്വം തുടങ്ങിയ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ടൂക്കോ സമ്മതിച്ചു. ഒരു ദിവസം നഗരം മനോഹരമായി കാണപ്പെട്ടതുകൊണ്ട് ഈ പ്രശ്നങ്ങളെല്ലാം ഇല്ലാതായെന്ന് അർഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തെ കൂടുതൽ വൃത്തിയുള്ളതും പച്ചപ്പുള്ളതും താമസയോഗ്യവുമാക്കാൻ ദിവസവും പരിശ്രമിക്കുന്നവരുടെ സംഭാവനകൾ അവഗണിക്കരുതെന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ കുറിപ്പിലൂടെ മുന്നോട്ടുവയ്ക്കുന്നത്. വീഡിയോയ്ക്ക് താഴെ മുംബൈയെ പ്രശംസിച്ചും ടൂക്കോയുടെ കാഴ്ചപ്പാടിനെ അഭിനന്ദിച്ചും നിരവധി പേരാണ് പ്രതികരിച്ചത്.







Comments