
കാക്കനാട്: വിദേശത്തേക്ക് ഫ്രോസണ് ഫുഡ്സ് കയറ്റിയയക്കുന്ന കമ്പനിയില് പണം നിക്ഷേപിച്ചാല് അഞ്ചിരട്ടി വരെ ലാഭം വാഗ്ദാനം നല്കി 37 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില് കിളിരൂര്, കവിയൂര് പീഡനക്കേസിലെ പ്രതി ലത നായര് ഉള്പ്പെടെ നാലുപേര് പിടിയില്.
തിരുവല്ല സ്വദേശി ലതാ നായര്(60), മലപ്പുറം പള്ളിക്കല് സ്വദേശി സുനില് കുമാര് (48), തമിഴ്നാട് തിരുനല്വേലി സ്വദേശി അനില് കുമാര്(നിത്യ ചൈതന്യ സ്വാമി-55), ചിറയിന്കീഴ് സ്വദേശിയായ സിന്ധു ദിലീപ് കുമാര് (52) എന്നിവരാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിയില് നിന്നും 37 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി.
കാക്കനാട് സെസിലെ കമ്പനിയില് നിക്ഷേപിച്ചാല് അഞ്ചിരട്ടിയായി തുക തിരിച്ചുനല്കാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട് വര്ഷം മുന്പ് പണം വാങ്ങിയത്. കമ്പനി നഷ്ടത്തിലാണെന്നും പണം നിക്ഷേപിച്ചാല് കമ്പനിയുടെ ബോര്ഡില് അംഗമാക്കാം എന്നുമായിരുന്നു വാഗ്ാദനം. കാക്കനാട് സെസില് പ്രവര്ത്തിക്കുന്ന കമ്പനിയുടെ ഡയറക്ടര് എന്ന വ്യാജേനയാണ് പ്രതികളിലൊരാളായ സുനില് കുമാറും സംഘവും തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരനെ സമീപിച്ചത്.
കാക്കനാട്ടും പരിസരത്തു വച്ചും പരാതിക്കാരനുമായി ചര്ച്ചകള് നടത്തിയ പ്രതികള് പല തവണകളായി 37 ലക്ഷം രൂപ വാങ്ങിച്ചെടുത്തു. വാഗ്ദാനംചെയ്തതുപോലെയുള്ള പണം തിരികെലഭിക്കാതെ വന്നതോടെ പ്രതികളെ സമീപിച്ച പരാതിക്കാരന് വ്യാജ ഡി.ഡി നല്കുകയും ചെയ്തു. പ്രതിയായ സുനില്കുമാര് പണം കമ്പനിയില് എത്തിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ പരാതിയുമായി എ.ഡി.ജി.പിയെ സമീപിക്കുകയായിരുന്നു. തുടര്ന്ന് തൃക്കാക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള് പിടിയിലായത്.
അതേസമയം, തന്റെ പണം തട്ടിയെടുത്തത് സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കിളിരൂര്, കവിയൂര് പീഡനക്കേസിലെ പ്രതി ലതാ നായര് ആണെന്ന് യുവാവിനു മനസിലായിരുന്നില്ലെന്നാണ് തൃക്കാക്കര പോലീസ് നല്കുന്ന സൂചന. കമ്പനിയുടെ ഡയറക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയ ലതാ നായര്, ഇന്ദുമേനോന് എന്ന പേരിലായിരുന്നു യുവാവുമായി പരിചയം സ്ഥാപിച്ചത്.







Comments