
തിരുവന്തപുരം: കേരള ചരിത്രത്തില് കേട്ട് കേള്വിയില്ലാത്ത രീതിയില് ഭരണപക്ഷവും പോലീസും സര്വകലാശാല ഹോസ്റ്റല് യുദ്ധക്കളമാക്കി മാറ്റിയെ ന്ന് വി ജോയ് എംഎല്എ. ഇടതുവിദ്യാര്ത്ഥി നേതാക്കള്ക്കു നേരെയുണ്ടായ പൊലീസ് അതിക്രമം പ്രതിപക്ഷം നിയമസഭയില് ഉന്നയിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഹോസ്റ്റലില് കണ്ടത് ഭയാനകമായ കാഴ്ചയായിരുന്നെന്നും എസ് ഐ ഗോകുല് 34 സെക്കന്ഡ് കൊണ്ട് 24 അടി ലാത്തി കൊണ്ടടിച്ചെന്നും പറഞ്ഞു. ഫയര് ഫോഴ്സ് എത്തിയില്ലായിരുന്നു എങ്കില് കുട്ടികള് വെന്ത് മരിച്ചേനെയെന്ന് വി ജോയ് പറഞ്ഞു.
യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് പന്തം എറിഞ്ഞു. ഹോസ്റ്റല് തീഗോളാമായി മാറി. ഗവണ്മെന്റ് സ്പോണ്സേര്ഡ് നരനായാട്ടെന്നായിരുന്നു വി.ജോയിയുടെ പരാമര്ശം. പൊലീസ് ഉപയോഗിച്ച ഒടിഞ്ഞ ലാത്തി നിയമസഭയില് ഉയര്ത്തികാട്ടി. അതേസമയം സ്ഥിതിഗതികള് നിയന്ത്രിക്കാന് എത്തിയ പൊലീസിന് നേരെ പ്രതിഷേധക്കാര് കല്ലും ബിയര് കുപ്പിയും എറിഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി പറഞ്ഞു.
പാവപെട്ട പോലീസുകാരന്റെ കയ്യില് ഇരുന്ന ലാത്തിയാണ് പിടിച്ചുകൊണ്ടു വന്ന് ജോയ് സഭയില് വച്ചത്. വ്യക്തമായ ആവശ്യങ്ങള് ഇല്ലാതെ ആണ് എസ്എഫ്ഐ സമരങ്ങള്. പ്രതിപക്ഷ നേതാവ് എന്തിനാണ് ഇങ്ങനെ കുട്ടികളെ പ്രതിഷേധത്തിന് ഇറക്കുന്നതെന്ന് ആഭ്യന്തരമന്ത്രി ചോദിച്ചു. ന്യായമായ ആവശ്യങ്ങള് ആണെങ്കില് പരിഹരിക്കും. അനാവശ്യ സമരങ്ങളിലേക്ക് വിദ്യാര്ത്ഥികളെ കൊണ്ടുപോകരുതെന്നും പറഞ്ഞു.
പോലീസുകാരെ വധിക്കുമെന്ന് നേതാക്കള് പറയുന്നത് അംഗീകരിക്കാന് കഴിയില്ലെന്നും ജോയ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. തങ്ങള് അധികാരത്തിലേറി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും നിങ്ങള് പ്രതിഷേധം തുടങ്ങിയില്ലേയെന്ന് പ്രതിപക്ഷത്തോട് രമേശ് ചെന്നിത്തല ചോദിച്ചു. ലാത്തി വാച്ച് ആന്ഡ് വാര്ഡിന് നല്കാന് സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് നിര്ദേശം നല്കി. ആരോപണങ്ങള് പരിശോധിക്കാമെന്നും ഉറപ്പ് നല്കി.







Comments