
കണ്ണൂര്: ബിഎംഎസ് പ്രവര്ത്തകന് വിനയനെ കൊലപ്പെടുത്തിയ കേസില് ഒന്നാംപ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. കേസിലെ ഒന്നാം പ്രതിയും സിപിഎം പ്രവർത്തകനുമായ ജമീന്റവിട ബിജുവിനെ (45) കോടതി കഴിഞ്ഞദിവസം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
കേസില് ഒന്നാംപ്രതി ബിജു ഒഴികെ കേസില് ഉള്പ്പെട്ടിരുന്ന ഏഴുപേരെയും കോടതി വെറുതേ വിട്ടിരുന്നു. 2009 മാർച്ച് 12-നാണ് പാനൂർ ചമ്പാട് കുറിച്ചിക്കരയിൽ വെച്ച് ബിഎംഎസ് പ്രവർത്തകനായ വിനയൻ ആക്രമിക്കപ്പെട്ടത്. രാഷ്ട്രീയ വിരോധത്തെ തുടർന്ന് ഒരു സംഘം അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ ടി.കെ. രജീഷ് ഉൾപ്പെടെയുള്ള മറ്റ് ഏഴ് പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടിരുന്നു. ടി.പി. വധക്കേസിൽ അറസ്റ്റിലായ ടി.കെ. രജീഷിനെ ചോദ്യം ചെയ്തപ്പോഴാണ് വിനയൻ വധക്കേസിലെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്.







Comments