
മണിമല: ചാരുവേലിയില് ഇളയ മകന്റെ അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് ചികില്സയിലായിരുന്ന മധ്യവയസ്കന് മരണമടഞ്ഞു. ചാരുവേലി ശവക്കോട്ട ഭാഗം വെട്ടുവേലില് (ഇട്ടിക്കല്) സന്തോഷാ(48)ണു കൊല്ലപ്പെട്ടത്. സംഭവത്തില് മകന് സച്ചുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ചെത്തിയ സന്തോഷുമായുണ്ടായ തര്ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറഞ്ഞു. അടിപിടിയുണ്ടാകുകയും മകന് സച്ചു കാപ്പിവടികൊണ്ട് സന്തോഷിന്റെ തലയില് അടിക്കുകയുമായിരുന്നു. കഴിഞ്ഞ 11 നു രാത്രിയിലാണ് സംഭവം. വീട്ടുമുറ്റത്തു രക്തം വാര്ന്ന് അബോധാവസ്ഥയില് കിടന്ന സന്തോഷിനെ മണിമല പോലീസ് ആംബുലന്സ് വിളിച്ചുവരുത്തി റാന്നി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവടെനിന്നു കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മക്കള് മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. തടിപ്പണിക്കാരനാണ് സന്തോഷ്. ഭാര്യ നേരത്തെ ഉപേക്ഷിച്ചു പോയതാണ്. സച്ചുവിനെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില് ഹാജരാക്കി.







Comments