
ഇൻസ്റ്റാഗ്രാമിൽ ഔദ്യോഗികമായി അക്കൗണ്ട് ആരംഭിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വർഷങ്ങളോളം വിട്ടുനിന്ന താരത്തിന്റെ ഇൻസ്റ്റാഗ്രാമിലേക്കുള്ള കടന്നുവരവ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
തന്റെ കുടുംബ പാരമ്പര്യം വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ പട്ടൗഡി ലൈബ്രറിയുടെ ചിത്രമാണ് സെയ്ഫ് തന്റെ ആദ്യ പോസ്റ്റായി പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റ് നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുത്തു. 'ഇൻസ്റ്റാഗ്രാമിലേക്ക് സ്വാഗതം', 'രാജാവ് ഇവിടെ എത്തിയിരിക്കുന്നു, എന്നും ഉണ്ടാകും' എന്നിങ്ങനെ നിരവധി സ്നേഹനിർഭരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. 'ജെൻസിയുടെ കൂട്ടത്തിലെ ഏറ്റവും മുതിർന്ന അംഗം ഒടുവിൽ ഇൻസ്റ്റയിൽ എത്തിയിരിക്കുന്നു' എന്ന് ഒരു ആരാധകൻ തമാശരൂപേണ കമന്റ് ചെയ്തതും ശ്രദ്ധേയമായി.
കുടുംബാംഗങ്ങളിൽ നിന്ന് ഭാര്യയും നടിയുമായ കരീന കപൂർ ഖാനെയാണ് സെയ്ഫ് ഇൻസ്റ്റാഗ്രാമിൽ ആദ്യം ഫോളോ ചെയ്തത്. കരീനയും തിരിച്ച് സൈഫിനെ ഫോളോ ചെയ്തിട്ടുണ്ട്. കൂടാതെ സഹോദരിയായ സോഹ അലി ഖാനും അദ്ദേഹത്തെ ഫോളോ ചെയ്യുന്നവരുടെ പട്ടികയിലുണ്ട്. താരത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയാൻ ഇതിനുമുമ്പ് കരീനയുടെ പോസ്റ്റുകളെയായിരുന്നു ആരാധകർ ആശ്രയിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ആരാധകർക്ക് നേരിട്ട് സെയ്ഫുമായി സംവദിക്കാൻ ഈ പ്ലാറ്റ്ഫോം വഴിയൊരുക്കും.
അതേസമയം പ്രിയദർശൻ സംവിധാനം ചെയ്ത് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിച്ച് അഭിനയിച്ച 'ഹൈവാൻ' എന്ന ചിത്രത്തിലാണ് സൈഫ് അവസാനമായി വേഷമിട്ടത്. പത്തുവർഷത്തിനു ശേഷം സെയ്ഫും അക്ഷയ് കുമാറും വീണ്ടും ഒന്നിച്ച ചിത്രമാണിത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും തെസ്പിയൻ ഫിലിംസിന്റെയും ബാനറുകളിൽ വെങ്കട്ട് കെ നാരായണയും ശൈലജ ദേശായി ഫെന്നും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.







Comments