
ന്യൂഡൽഹി: രാഹുൽ ഗാന്ധി 2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ 'ചൗക്കീദാർ ചോർ ഹേ' പരാമർശവുമായി ബന്ധപ്പെട്ട നിയമനടപടികൾക്ക് സ്റ്റേ. റഫാൽ വിവാദത്തിനിടെയായിരുന്നു പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയത്. രാഹുൽ ഗാന്ധിക്കെതിരായ വിചാരണക്കോടതി നടപടികൾ സ്റ്റേ ചെയ്ത സുപ്രീം കോടതി ബിജെപി നേതാവ് മഹേഷ് ശ്രീശ്രീമലിന് നോട്ടീസ് അയക്കുകയും ചെയ്തു.
രാജസ്ഥാനിൽ നടന്ന റാലിയിലെ പ്രസ്താവനകൾ പാർട്ടി പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ശ്രീശ്രീമൽ പരാതി നൽകിയത്. പ്രധാനമന്ത്രി മോദിയെ "ചോറോം കേ സർദാർ" എന്നും "കമാൻഡർ ഇൻ ചീഫ്" എന്നും രാഹുൽ ഗാന്ധി വിളിച്ചതായും ആരോപിച്ചിരുന്നു. അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2019-ൽ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച സമൻസിനെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി ഹർജി നൽകിയിരുന്നു.
എന്നാൽ, ഈ വർഷം സെപ്റ്റംബറിൽ ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് എൻ.ആർ. ബോർക്കറുടെ സിംഗിൾ ബെഞ്ച് രാഹുൽ ഗാന്ധിക്കെതിരായ സമൻസ് റദ്ദാക്കാൻ വിസമ്മതിച്ചു. മജിസ്ട്രേറ്റിന്റെ ഉത്തരവിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അതിനാൽ ഇടപെടാൻ കാരണവുമില്ലെന്നും ജസ്റ്റിസ് ബോർക്കർ നിരീക്ഷിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥനയെ മാനിച്ച ഹൈക്കോടതി, സുപ്രീം കോടതിയെ സമീപിക്കുന്നതിനായി ഉത്തരവ് ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു.
2019 ഏപ്രിലിൽ, രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസും അയച്ചിരുന്നു. 'ചൗക്കീദാർ ചോർ ഹേ' എന്ന് സുപ്രീം കോടതി പറഞ്ഞതായി രാഹുൽ അവകാശപ്പെട്ടതിനെ തുടർന്ന് ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. റഫാൽ കേസിൽ സുപ്രീം കോടതിയുടെ വാക്കുകൾ രാഹുൽ ഗാന്ധി തെറ്റായി ചിത്രീകരിച്ചുവെന്നായിരുന്നു മീനാക്ഷിയുടെ ഹർജിയിലെ ആരോപണം. തുടർന്ന്, 2019 മേയിൽ "ചൗക്കീദാർ ചോർ ഹേ" മുദ്രാവാക്യവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ നിരുപാധികം മാപ്പ് അപേക്ഷിച്ചിരുന്നു. രാഷ്ട്രീയ മുദ്രാവാക്യം ഉപയോഗിച്ചതിനല്ല, മറിച്ച് ഈ പ്രയോഗം സുപ്രീം കോടതിയുടേതാണെന്ന് തെറ്റായി പ്രസ്താവിച്ചതിനായിരുന്നു അദ്ദേഹം മാപ്പ് പറഞ്ഞത്.







Comments