
കാൻസർ സ്ഥിരീകരിച്ചതോടെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമാക്കാൻ ജീവിതസമ്പാദ്യം മുഴുവൻ ചെലവിട്ട് അന്റാർട്ടിക്കയിലേക്ക് യാത്ര തിരിച്ച ചൈനീസ് വനിതയുടെ കഥ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. 67കാരിയായ വാങ് യിങ് ആണ് രോഗനിർണയത്തിനു പിന്നാലെ പെൻഗ്വിനുകളുടെ ചിത്രങ്ങൾ പകർത്താനായി ഒരു മാസത്തെ യാത്ര തിരഞ്ഞെടുത്തത്. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ ട്യൂമറിന്റെ വലുപ്പം കുറഞ്ഞതായി കണ്ടെത്തിയതോടെ അവരുടെ ജീവിതകഥ വീണ്ടും ചർച്ചയാകുകയാണ്.
ചൈനയിലെ യുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ കുൻമിങ്ങിൽ സ്കൂൾ ജീവനക്കാരിയായി ജോലി ചെയ്തിരുന്ന വാങിന് 2013-ലാണ് തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചത്. അന്ന് വിരമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. ഉടൻ ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. എന്നാൽ, രോഗവിവരം അറിഞ്ഞതോടെ ശേഷിക്കുന്ന സമയം താൻ ഏറെ ആഗ്രഹിച്ച കാര്യങ്ങൾക്കായി ചെലവഴിക്കണമെന്ന തീരുമാനത്തിലേക്ക് വാങ് എത്തി. പതിറ്റാണ്ടുകളായി പക്ഷികളുടെ ചിത്രങ്ങൾ പകർത്തിയിരുന്ന അവർക്ക് അന്റാർട്ടിക്കയിലെ പെൻഗ്വിനുകളെ ക്യാമറയിൽ പകർത്തുക എന്നത് ഏറെക്കാലമായുള്ള സ്വപ്നമായിരുന്നു.
ഏകദേശം ഒരു മാസം നീണ്ട യാത്രയ്ക്കായി 1.5 ലക്ഷം യുവാൻ, അതായത് ഏകദേശം 22,000 ഡോളർ ചെലവായി. വാങിന്റെ സമ്പാദ്യം തികയാതെ വന്നപ്പോൾ അമ്മയും സാമ്പത്തികമായി സഹായിച്ചു. മൈനസ് 10 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുകയും ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും അനുഭവപ്പെടുകയും ചെയ്തിട്ടും പെൻഗ്വിനുകളുടെ ചിത്രങ്ങൾ പകർത്താൻ അവർ മണിക്കൂറുകളോളം പുറത്ത് തുടർന്നു. അമ്മപ്പെൻഗ്വിൻ കടലിൽ നിന്ന് ഭക്ഷണവുമായി തിരിച്ചെത്തി കുഞ്ഞിന് ഭക്ഷണം നൽകുന്ന അപൂർവ നിമിഷം ക്യാമറയിൽ പകർത്താനും വാങിന് സാധിച്ചു. ആ അനുഭവം തനിക്ക് വലിയ സന്തോഷം നൽകിയെന്ന് അവർ പറഞ്ഞു.
യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വാങ് ആശുപത്രിയിൽ തുടർപരിശോധനയ്ക്ക് എത്തിയപ്പോഴാണ് അപ്രതീക്ഷിത വിവരം ലഭിച്ചത്. ഒരു മാസം മുമ്പ് നടത്തിയ പരിശോധനയുമായി താരതമ്യം ചെയ്യുമ്പോൾ ട്യൂമറിന്റെ വലുപ്പം കുറഞ്ഞിരുന്നു. തൽക്കാലം ശസ്ത്രക്രിയ വേണ്ടെന്നും ആരോഗ്യനില തുടർച്ചയായി നിരീക്ഷിക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, യാത്രയാണ് ട്യൂമർ ചുരുങ്ങാൻ കാരണമായതെന്ന് ഇതിലൂടെ സ്ഥിരീകരിക്കാനാവില്ല. പുതിയ പ്രതീക്ഷയോടെ പക്ഷിനിരീക്ഷണവും ചിത്രീകരണവും തുടരുന്ന വാങ് ഇതിനകം 30-ലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അമേരിക്ക, പെറു, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാൻ അവർ പദ്ധതിയിടുന്നു.







Comments