
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രക്ഷോഭം തുടരുമെന്ന് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ സമാന്തര പ്രക്ഷോഭങ്ങളില്ല എന്നും എല്ലാം ഒരു പ്രതിഷേധം തന്നെയാണെന്നും കോക്രോച്ച് ജനതാ പാർട്ടിയെ നേരിട്ട് പരാമർശിക്കാതെ, എന്നാൽ അവരെ കൂടി ഉൾപ്പെടുത്തി, രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിരോധ നടപടികളെ കുറിച്ച് ആലോചിക്കാൻ തന്റെ വസതിയിൽ ഇന്ത്യാ മുന്നണി നേതാക്കൾക്ക് ചായസൽക്കാരം നടത്തിയതിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങൾ എങ്ങനെയായിരിക്കും ആ ലക്ഷ്യത്തിലെത്തുക എന്ന് കൃത്യമായി പറയാൻ കഴിയില്ല. കാരണം അത് പറയുന്നതിലൂടെ സർപ്രൈസ് നഷ്ടപ്പെടും. നിങ്ങളിലും രാജ്യത്തിലും ആ ആവേശവും അമ്പരപ്പും നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ ഒന്നിൽ ഞാൻ ഉറപ്പ് നൽകാം; ഇത്രയും ഊർജ്ജത്തോടും ശക്തിയോടും ഐക്യത്തോടും കൂടി ഞങ്ങൾ എങ്ങനെയാണോ രംഗത്തിറങ്ങിയത്, അതേ വീര്യത്തോടെ ഒന്നിച്ചു പോരാടുന്നത് ഞങ്ങൾ തുടരും”, രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് ഘടകം കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനെ രൂക്ഷമായി വിമർശിച്ച് പോസ്റ്റ് ഇടുകയും പിൻവലിക്കുകയും ചെയ്ത സംഭവത്തിലും ചോദ്യങ്ങൾ ഉയർന്നപ്പോൾ, നീതിപീഠത്തിന് വലിയ വിലകൽപ്പിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു."സുപ്രീം കോടതിയോടും ചീഫ് ജസ്റ്റിസിനോടും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടും ഞങ്ങൾക്ക് അതിയായ ബഹുമാനമുണ്ട്. ഈ വിഷയത്തിൽ അവർക്ക് നിർണായകമായ ഒരു പങ്കുവഹിക്കാനുണ്ട്, അത് അവർ നിർവ്വഹിക്കുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. എന്നിരുന്നാലും, ഞങ്ങൾ രാഷ്ട്രീയക്കാരാണ്; എന്ത് സംഭവിച്ചാലും, ഏത് ഭരണഘടനാ സ്ഥാപനങ്ങൾ പങ്കുവഹിച്ചാലും ഇല്ലെങ്കിലും, രാഷ്ട്രീയപരമായ ചെറുത്തുനിൽപ്പും ജനങ്ങളുടെ പ്രതിരോധവും ശക്തമായി തന്നെ മുന്നോട്ടുപോകും, അത് അന്തിമ വിജയം നേടുകയും ചെയ്യും" എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളുടെ പങ്കിനെ പ്രശംസിക്കാനും രാഹുൽ ഗാന്ധി മറന്നില്ല.
ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ന്യൂഡൽഹി സുനേരി ബാഗ് റോഡിലെ തന്റെ വസതിയിൽ രാഹുൽ ഗാന്ധി ഇന്ത്യ മുന്നണി എം.പിമാർക്കും സിവിൽ സൊസൈറ്റി പ്രതിനിധികൾക്കും വിദ്യാർത്ഥി സംഘടനകൾക്കും ചായ സൽക്കാരം നൽകിയിരുന്നു. ദേശീയ തലസ്ഥാനത്ത് പ്രതിപക്ഷ നേതാക്കളും ആക്ടിവിസ്റ്റുകളും സിവിൽ സൊസൈറ്റി അംഗങ്ങളും ചേർന്ന് 'മാർച്ച് ഫോർ ഡെമോക്രസി' സംഘടിപ്പിക്കുകയും, എസ്ഐആറിനെ ചോദ്യം ചെയ്തും തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് സുപ്രീം കോടതിയിൽ സംയുക്ത ഹർജി സമർപ്പിക്കുകയും ചെയ്ത് ദിവസത്തിന് ശേഷമാണ് വലിയ പങ്കാളിത്തമുള്ള ചായസൽക്കാരം നടന്നത്.







Comments