
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധങ്ങളെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി രേഖാഗുപ്ത. സംഘടന രാഷ്ട്രീയ അജണ്ടയാണ് നടപ്പിലാക്കുന്നതെന്നും പഞ്ചാബിൽ സമരം ചെയ്യാൻ ധൈര്യമുണ്ടോയെന്നും വെല്ലുവിളിച്ചു. അവർ എഎപിയുടെ ബി-ടീം പോലെ പെരുമാറുകയും ആ പാർട്ടിക്ക് അനുയോജ്യമായ അജണ്ടകളിൽ മാത്രം പ്രവർത്തിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട് എന്ന് ചോദിച്ച ഗുപ്ത, രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സംഘടന തിരഞ്ഞെടുത്ത വിഷയങ്ങൾ മാത്രമാണ് ഉയർത്തുന്നതെന്നും കുറ്റപ്പെടുത്തി.
ഇത്തരം പ്രതിഷേധ പ്രകടനങ്ങൾ കാരണം ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം സംഭവിക്കുകയും വ്യാപാരികളും സാധാരണക്കാരും ദുരിതത്തിലാവുകയും ചെയ്തതായി ഡൽഹി മുഖ്യമന്ത്രി അവകാശപ്പെട്ടു.സമീപകാലത്ത് ഔദ്യോഗികമായി പ്രതിഷേധ സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ ജന്തർ മന്തറിൽ തന്നെ സമരം നടത്തുമെന്ന് വാശിപിടിക്കുന്ന സിജെപിയുടെ നടപടിയെയും മുഖ്യമന്ത്രി വിമർശിച്ചു. ചൊവ്വാഴ്ച ഈ സംഘടനയിലെ ചില നേതാക്കൾ ബാരിക്കേഡുകൾ തകർത്ത് ആ പ്രദേശത്തേക്ക് പ്രവേശിക്കുകയും, എസ്ഐആർ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
പ്രക്ഷോഭകർ ബോധപൂർവ്വം ഡൽഹിയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും നഗരത്തിന്റെ ക്രമസമാധാനം തകർക്കുകയും ചെയ്യുകയാണെന്ന് ഗുപ്ത ആരോപിച്ചു.ലഹരിവിരുദ്ധ പ്രവർത്തകൻ പർവിന്ദർ സിംഗ് എന്ന ഝോട്ടയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബിൽ പ്രതിഷേധിക്കാൻ അവർ സിജെപിയെ വെല്ലുവിളിച്ചു. പ്രതിപക്ഷ പാർട്ടികളും മറ്റ് സംഘടനകളും രാഷ്ട്രീയ അജണ്ടകളാണ് നടപ്പിലാക്കുന്നതെന്നും എസ്ഐആറിനെ എതിർക്കുകയാണെന്നും രാജ്യത്തെ തകർക്കാൻ വിദേശ ശക്തികളുമായി ഇവർ ഒത്തുകളിക്കുന്നുണ്ടെന്നും രേഖ ഗുപ്ത ആരോപിച്ചു.
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളിൽ സിജെപി എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ലെന്ന് ഗുപ്ത ചോദിച്ചു. ലഹരിവസ്തുക്കൾക്കും മെഡിക്കൽ ഷോപ്പുകളിലെ അനധികൃത മരുന്നു വിൽപ്പനയ്ക്കുമെതിരെ പ്രചാരണം നടത്തിയ പർവിന്ദർ സിംഗ് കൊല്ലപ്പെട്ട സംഭവത്തിന് ശേഷം പഞ്ചാബിൽ പ്രതിഷേധം സംഘടിപ്പിക്കാൻ അവർ സിജെപി അംഗങ്ങളെ വെല്ലുവിളിച്ചു. എസ്ഐആർ നടപടിയെ എതിർക്കുന്ന കോൺഗ്രസിനെയും എഎപിയെയും വിമർശിച്ച ഗുപ്ത, ഈ പാർട്ടികൾ വിജയിച്ച സംസ്ഥാനങ്ങളിൽ ഇത്തരം എതിർപ്പുകൾ ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചു.
തിരഞ്ഞെടുപ്പിലെ തോൽവികളിൽ നിരാശരായ പ്രതിപക്ഷ പാർട്ടികളും അവരുമായി ബന്ധപ്പെട്ട സംഘടനകളും രാജ്യത്തിന്റെ പുരോഗതി തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അവർ അവകാശപ്പെട്ടു. രാഷ്ട്രീയ താൽപ്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും, ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന വിദേശ ശക്തികൾ ഇവരോടൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പരിഷ്കരണ നടപടിയെ പ്രതിരോധിച്ച അവർ, എസ്ഐആർ പുതിയൊരു കാര്യമല്ലെന്നും 2002-ലും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് നടപ്പിലാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.







Comments