
ന്യൂഡല്ഹി: മീററ്റില് മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുതിനെ കൊലപ്പെടുത്തിയ കേസില് ബുധനാഴ്ച വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനെ തുടര്ന്ന് ഭാര്യ മുസ്കാന് രസ്തോഗിയും കാമുകന് സാഹില് ശുക്ലയും പൊട്ടിക്കരഞ്ഞതായി ജയില് അധികൃതര് അറിയിച്ചു. ശിക്ഷാവിധിക്ക് ശേഷം ഇരുവരും ഭക്ഷണം കഴിക്കുന്നത് നിര്ത്തിയതായി ജയില് വൃത്തങ്ങള് വ്യക്തമാക്കുന്നു.
തുടര്ന്ന് ജയില് ഭരണകൂടം ഇരുവര്ക്കും സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. ഇവര്ക്ക് പുതിയ തടവുകാരുടെ നമ്പറുകള് നല്കി: സാഹില് ശുക്ലയ്ക്ക് 395-ഉം, മുസ്കാന് രസ്തോഗിക്ക് 396-ഉം. വെവ്വേറെ സെല്ലുകളില് പാര്പ്പിച്ചിരിക്കുന്ന ഇവരുടെ അവസ്ഥ ജയില് ഉദ്യോഗസ്ഥര് സൂക്ഷ്മമായി നിരീക്ഷി ച്ചു വരികയാണ്. വധശിക്ഷ ലഭിച്ചതോടെ ഇരുവരുടെയും ജയില് വസ്ത്രധാരണത്തിലും മാറ്റമുണ്ടാകും. സാഹില് ശുക്ല വെള്ള കുര്ത്ത-പൈജാ മയും, മുസ്കാന് രസ്തോഗി ക്രീം നിറത്തിലുള്ള സാരിയോ സൂട്ടോ ധരിക്കേണ്ടിവരുമെന്നും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. വിധി വന്നതിനുശേഷം, ഇനി എന്താ ണ് സംഭവിക്കുക എന്ന് ഇരുവരും ജയില് ഉദ്യോഗസ്ഥരോട് ആരായുകയുണ്ടായി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്ന് ഉദ്യോഗസ്ഥര് അവരെ അറിയിച്ചു.
ജില്ലാ ജഡ്ജി അരവിന്ദ് കുമാര് മിശ്രയാണ് രണ്ട് ആഴ്ച മുമ്പ് പ്രതികള് കുറ്റക്കാരാണെന്ന് കണ്ടെത്തിയ ശേഷം ബുധനാഴ്ച ശിക്ഷ വിധിച്ചത്. 126 വിചാരണകള് നടന്ന കേസില് 22 സാക്ഷികളുടെ മൊഴികള് രേഖപ്പെടുത്തിയിരുന്നു. രസ്തോഗിയും ശുക്ലയും ഗൂഢാലോചന നടത്തി രാജ്പുതിനെ കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ ശരീരഭാഗങ്ങള് വെട്ടിമുറിച്ച് സിമന്റും മണലും ഉപയോഗിച്ച് ഒരു നീല വ്യവസായ ഡ്രമ്മിനുള്ളില് ഒളിപ്പിക്കുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി.
ശിക്ഷാവിധി പ്രസ്താവിക്കവേ ജഡ്ജി ഭഗവദ്ഗീതയിലെ ഭാഗങ്ങള് ഉദ്ധരിച്ചതായി കൊല്ലപ്പെട്ട സൗരഭിന്റെ അഭിഭാഷകന് പറഞ്ഞു. 'മഹാഭാരതത്തില് നിന്നുള്ള പരാമര്ശങ്ങള് ഉദ്ധരിച്ച ജഡ്ജി, 'തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധര്മ്മത്തിന്റെ ഭാഗമാണ്' എന്നും കോടതി അതിന്റെ ചുമതല നിര്വ്വഹിക്കുമെന്നും വ്യക്തമാക്കി. പ്രതിഭാഗത്തിന്റെ കടുത്ത ശ്രമങ്ങള് ഉണ്ടായിരുന്നിട്ടും നീതി വിജയിച്ചു,' അഭിഭാഷകന് പറഞ്ഞു. തങ്ങളുടെ മകള് മുസ്കാന് വധശിക്ഷ ലഭിച്ചാല് അതില് യാതൊരു എതിര്പ്പുമില്ലെന്നും സൗരഭ് വളരെ നല്ലൊരു മനുഷ്യനായിരുന്നുവെന്നും മുസ്കാന്റെ മാതാപിതാക്കള് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ജയിലില് കഴിയുമ്പോള് മുസ്കാന്റെ കുടുംബാംഗങ്ങള് ആരും തന്നെ അവളെ കാണാന് എത്തിയിരുന്നില്ല. പോലീസ് കേസ് അനുസരിച്ച്, 2025 മാര്ച്ച് 3-ന് ഇന്ദിരാനഗറിലെ വീട്ടില് വച്ച് സൗരഭിന്റെ ഭക്ഷണത്തില് മയക്കുമരുന്ന് കലര്ത്തി നല്കുകയാണ് മുസ്കാന് ചെയ്തത്. തുടര്ന്ന് സ്ഥലത്തെത്തിയ സാഹില് ശുക്ലയും മുസ്കാനും ചേര്ന്ന് സൗരഭിനെ കുത്തിക്കൊല്ലുകയും മൃതദേഹം കഷണങ്ങളാക്കുകയുമായിരുന്നു. ശേഷം മണലും വെള്ളവും സിമന്റും കലര്ത്തിയ നീല പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില് ശരീരഭാഗങ്ങള് അടച്ചുപൂട്ടി. തൊട്ടടുത്ത ദിവസം ഇരുവരും ഹിമാചല് പ്രദേശിലേക്ക് കടന്നു. സൗരഭ് ജീവിച്ചിരിപ്പുണ്ടെന്നും ബിസിനസ്സ് ആവശ്യങ്ങള്ക്കായി യാത്രയിലാണെന്നും വരുത്തിത്തീര്ക്കാന് മുസ്കാന് സൗരഭിന്റെ ഫോണില് നിന്ന് സന്ദേശങ്ങള് അയച്ചിരുന്നു.
മാര്ച്ച് 17-ന്, ഇവരുടെ ആറുവയസ്സുള്ള മകള് 'പപ്പ ഡ്രമ്മിനുള്ളിലുണ്ട്' എന്ന് അയല്ക്കാരോട് പറഞ്ഞതിനെ തുടര്ന്ന് ബന്ധുക്കള് പ്രാദേശിക അധികാരികളുമായി വീട്ടിലെത്തി പരിശോധിച്ചു. പോലീസ് ഡ്രം മുറിച്ചുമാറ്റിയപ്പോഴാണ് സൗരഭിന്റെ മൃതദേഹാവശിഷ്ടങ്ങള് കണ്ടെത്തിയത്. രണ്ടുദിവസത്തിനുശേഷം മുസ്കാനും സാഹിലും അറസ്റ്റിലായി. സെഷന്സ് കോടതി വിധിക്കുന്ന വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ഹൈക്കോടതി സ്ഥിരീകരിക്കേണ്ടതുണ്ട്.







Comments